കൂൺ കൃഷി ജനകീയമാകുന്നു വൈഗയിലൂടെ
ഓരോ വീട്ടിലും ഓരോ കൂൺ എന്ന ജനകീയ പദ്ധതിയുമായി എറണാകുളം ഹോർട്ടികൾച്ചർ മിഷൻ. തൃശ്ശൂരിൽ ജനുവരി 4 മുതൽ 7 വരെ നടക്കുന്ന വൈഗ 2020യിലാണ് കൂൺ കൃഷിയെപറ്റിയും കൂൺ ഉൽപന്നങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന ഹോർട്ടികൾച്ചർ മിഷന്റെ സ്റ്റാളുള്ളത്. പോഷകസമൃദ്ധമായ വിഭവം എന്നതിന് പുറമേ കൊളസ്ട്രോൾ, ഫാറ്റ് എന്നിവ ഇല്ലെന്നതും കൂണിന്റെ പ്രത്യേകതയാണ്. ഹൈ പ്രോട്ടീൻ മൂല്യമുള്ള ഇത്തരം കൂണുകൾ ഉണ്ടാക്കാൻ തുച്ഛമായ ചെലവേ വരുന്നുള്ളൂ എന്നത് സാധാരണക്കാർക്ക് വീടുകളിൽ പരീക്ഷിക്കാൻ സഹായകരമാകും.
വൈക്കോൽ പുഴുങ്ങി ഉണക്കി തുണിസഞ്ചിയിൽ വിത്തിനൊപ്പം ഇട്ടാൽ വെറും 25 ദിവസം കൊണ്ട് വിളവെടുക്കാം. ഇതിന്റെ വേസ്റ്റ് കമ്പോസ്റ്റ് ആയി ഉപയോഗിക്കാം. സംസ്ഥാന കൂൺ കർഷക അവാർഡ് ജേതാവായ ഉഷ സോമനാണ് കൂൺ വിത്തുകൾ ഹോർട്ടികൾച്ചർ മിഷന് നൽകുന്നത്. കൂൺ കൃഷി പരിശീലനവും ഇവർ നൽകുന്നുണ്ട്. കൂൺ പായസം, ഉണക്കിപ്പൊടിച്ചത്, ചമ്മന്തി പൊടി, കൂൺ അച്ചാർ, കൂൺ ഓയിൽ എന്നിങ്ങനെ വ്യത്യസ്തതരം വിഭവങ്ങളും എറണാകുളം ഹോർട്ടികൾച്ചർ മിഷൻ തയ്യാറാക്കുന്നുണ്ട്. ഇതിനു പുറമേ കൂണ് കൊണ്ടുള്ള ബജ്ജി, കട്ട്ലെറ്റ്, കേക്ക്, കൂൺ ബിരിയാണി, തോരൻ, കുഴലപ്പം എന്നീ വിഭവങ്ങളും വൈഗയിൽ പ്രദർശനത്തിനുണ്ട്.
- Log in to post comments