Skip to main content

കാർഷിക വിഭവങ്ങളുടെ കലവറയൊരുക്കി വൈഗ 2020

വൈഗയുടെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കാർഷിക പ്രദർശനം വൈവിധ്യങ്ങളുടെ കലവറയായി. നാളികേരം, ചക്ക, വാഴപ്പഴം, തേൻ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ വിവിധയിനം ചെറുധാന്യങ്ങൾ തുടങ്ങി വൻ കലവറ തന്നെയാണ് വൈഗ കാർഷിക മേളയിൽ ഒരുക്കിയിരിക്കുന്നത്. ഇവയുടെ സംസ്‌കരണവും സാധ്യതകളുമാണ് മേളയിൽ ഏറെ ചർച്ചചെയ്യുന്നത്.
കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന സംരംഭങ്ങൾ ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് പ്രദർശനം ഒരു മുതൽക്കൂട്ടാണ്. ഉൽപന്നനിർമ്മാണം, കാർഷിക യന്ത്രസമഗ്രികൾ, വിപണന മാർഗങ്ങൾ, പാക്കേജിങ്, ലൈസൻസിങ്, സർട്ടിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പകരാൻ വൈഗ ഉപകരിക്കും.
വൻ ജനക്കൂട്ടമാണ് വൈഗ 2020 നോടനുബന്ധിച്ച് നടത്തുന്ന കാർഷിക പ്രദർശനത്തിലെ 330 സ്റ്റാളുകൾ കാണാൻ വന്നുകൊണ്ടിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ മറ്റൊരു പൂരക്കാഴ്ചയൊരുക്കി തീം പവലിയൻ സജ്ജീകരിച്ചത് കൃഷിവകുപ്പും ഫാം ഇൻഫർമേഷൻ ബ്യൂറോയും ചേർന്നാണ്. കേരളത്തിന്റെ സുഗന്ധ വിളകൾ, പുഷ്പങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് തീം പവലിയൻ തയാറാക്കിയത്. കർഷകരുടെ പുതുരീതികൾക്ക് പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. നാളികേര ഇനങ്ങളുടെ ശേഖരം, വിവിധയിനം പഴങ്ങൾ, പച്ചക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും അപൂർവയിനങ്ങൾ, വിവിധ സുഗന്ധവിളകൾ, പൈനാപ്പിൾ ടവർ, വിവിധ കാർഷിക ഉപകരണങ്ങൾ, ലഘുയന്ത്രങ്ങൾ, സ്‌പ്രേയിങ്ങിനായി ഉപയോഗിക്കുന്ന ഡ്രോണുകൾ എന്നിവ മേളയിൽ ശ്രദ്ധേയമാവുകയാണ്. വൈവിധ്യമാർന്ന സ്റ്റാളുകളാണ് വൈഗയിലെ പ്രധാന ആകർഷണം. നൂറുകണക്കിനാളുകൾ പ്രദർശനം കാണാൻ എത്തുന്നതിനാൽ പ്രദർശന സ്റ്റാളുകളും സജീവമാണ്. കേരളത്തിലെ വിവിധ ജില്ലകൾ, പഞ്ചായത്തുകൾ, കുടുംബശ്രീ, സുഗന്ധവ്യഞ്ജന വികസന കോർപ്പറേഷൻ, വിവിധ വകുപ്പുകൾ, വയനാടൻ ഗോത്ര വിഭാഗം, വിവിധ കാർഷികോൽപന്ന കമ്പനികൾ എന്നിവയുടെ സ്റ്റാളുകൾ കൂടാതെ ജമ്മു കാശ്മീർ, കർണാടക, തമിഴ്നാട്, ആന്റമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ഓരോയിനം പച്ചക്കറിക്കളുടെയും പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിവിധയിനങ്ങൾ മേളയിലെ പ്രധാന ഘടകമായി. എലിവാലൻ കാച്ചിൽ, അടുക്കൻ അരി മുതൽ വലിച്ചൂരി അരി വരെ, വട്ടവട വെളുത്തുള്ളി, വിവിധയിനം കള്ളിമുൾചെടികൾ, കാത്സ്യ ചേമ്പ്, ആന്റമാൻ ചൂരൽ ചെടി, പച്ചക്കറി പൾപ്പ് കൊണ്ട് തീർത്ത കരകൗശല വസ്തുക്കൾ, വിവിധങ്ങളായ ഓർഗാനിക് അരി, വ്യത്യസ്തമായ കാർഷിക ഉപകരണങ്ങൾ, ജൈവ കീടനാശിനികൾ, കരകൗശലവസ്തുക്കൾ എന്നിവ അടങ്ങുന്നതാണ് പ്രധാന സ്റ്റാളുകൾ. പ്രദർശനം ജനുവരി 7ന് സമാപിക്കും.
 

date