Skip to main content

പാതിരാമണല്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: വിവിധ വകുപ്പുകളുടെ കൂട്ടായ സഹകരണത്തോടെ വേണം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം നടത്താനെന്ന് നിയമസഭ സമിതി അംഗങ്ങളായ കെ. ദാസന്‍ എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ എന്നിവര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലകളിലെ മാലിന്യ സംസ്‌കരണവും നിയന്ത്രണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുകയായിരുന്നു സമിതി. മാസത്തിലൊരിക്കല്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവലോകന യോഗം നടത്തണം കെ ദാസന്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹകരിപ്പിച്ച് വേണം പദ്ധതി നടപ്പാക്കാന്‍. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടും സമിതി സന്ദര്‍ശിച്ചു. മലിന ജലത്തെ ശുചിയാക്കാനായി റിസോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം സമിതി പരിശോധിച്ചു. ഇത്തരത്തിലുള്ള പ്ലാന്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കുന്നത് മലിന ജലത്തെ ശുചിയാക്കാന്‍ സഹായിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു.

 

പാതിരാമണല്‍ ദ്വീപില്‍ എത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് കരയിലെത്തിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു. ദ്വീപിനുള്ളിലെ ഇടത്തോടുകള്‍ വൃത്തിയാക്കി നീരോഴുക്ക് സുഗമമാക്കാനും നിര്‍ദ്ദേശം നല്‍കി. നിരവധി ടൂറിസം സാധ്യതകളുള്ള പാതിരാമണല്‍ ദ്വീപിലെ ജൈവ വൈവിദ്യങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. പുന്നമട ഫിനിഷിങ് പോയിന്റിലുള്ള നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും സമിതി വിലയിരുത്തി. 

 

 

മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍, വിനോദസഞ്ചാര വകുപ്പ് ഉപഡയറക്ടര്‍ അഭിലാഷ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

date