Skip to main content

മഹാത്മജിയുടെ ജീവിതവും സന്ദേശവുമായി  ദേശീയ കാര്‍ട്ടൂണ്‍, വീഡിയോ-ചിത്രപ്രദര്‍ശനം ജനുവരി 29, 30 തീയതികളില്‍

 

മഹാത്മജിയുടെ ജീവിതവും സന്ദേശവും ചിത്രീകരിക്കുന്ന ദേശീയ കാര്‍ട്ടൂണ്‍, വീഡിയോ-ചിത്രപ്രദര്‍ശനം ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കും.

ഗാന്ധിജിയുടെ 70-ാം  രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തെ ഗാന്ധിസ്മൃതി ആചരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  നാഥൂറാം ഗോഡ്‌സെയുടെ വെടിയേറ്റ് വീണ ഗാന്ധിജിയുടെ രക്തം കുതിര്‍ന്ന ഡല്‍ഹി ബിര്‍ളഹൗസിലെ മണ്ണ് പ്രദര്‍ശനത്തിലുണ്ടാവും.

മഹാത്മാവിന്റെ ജീവിത യാത്ര പ്രതിപാദിക്കുന്ന ഫോട്ടോകളും വരികളുമായി 50 ഫ്രെയിമുകളും ഗാന്ധിജിയുടെ പ്രഭാഷണങ്ങളുടെ ശബ്ദരേഖയും പ്രദര്‍ശനത്തിലുണ്ടാകും.  ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള കാലഘട്ടത്തിലെ പ്രധാന ജീവിതമുഹൂര്‍ത്തങ്ങള്‍ ഒരു വിഭാഗത്തിലുണ്ടാകും.  ഗാന്ധിജിയെ കേന്ദ്ര കഥാപാത്രമാക്കി  1948 വരെ പ്രസിദ്ധീകരിച്ച 30 തെരഞ്ഞെടുത്ത കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിലുണ്ട്.  പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഡേവിഡ്‌ലോയും ശങ്കറും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ സൃഷ്ടികളാണ് ഇവ.  രക്തസാക്ഷിത്വത്തിനു ശേഷം ഗാന്ധിജി കഥാപാത്രമാകുന്ന 30 കാര്‍ട്ടൂണുകള്‍ മറ്റൊരു വിഭാഗത്തിലുണ്ടാകും.  ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച ദിനത്തിലെ പത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

ഗാന്ധിജയുടെ കാരിക്കേച്ചറുകള്‍, ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിന്റെ സഹായത്തോടെയുള്ള വീഡിയോ പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.  ഗാന്ധിജി രക്തസാക്ഷിത്വം വരിക്കും മുമ്പ് എ.കെ. ചെട്ടിയാര്‍ നിര്‍മ്മിച്ച ഡോക്യൂമെന്ററിയും മരണശേഷമുള്ള ഡോക്യൂമെന്ററിയും പ്രദര്‍ശനത്തിലുണ്ട്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ജനുവരി 29 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.  ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  മുഖ്യാതിഥിയാകും.  പ്രദര്‍ശനം രാത്രി എട്ട് മണിവരെയായിരിക്കും.  

പി.എന്‍.എക്‌സ്.345/18

date