Skip to main content

ലൈഫ് മിഷന്‍; ചെമ്പ് പഞ്ചായത്തിലെ താക്കോല്‍ദാനം ജനുവരി 18ന് --- സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചു; ലക്ഷ്മിക്കുട്ടിയമ്മ സുരക്ഷിതമായ വീട്ടിലേക്ക്

 

വയസുകാലത്ത് അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാനാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ലൈഫ് പദ്ധതിയിലൂടെ അതും നടന്നു-  

80 വയസുകാരി ലക്ഷ്മിക്കുട്ടിയമ്മയുടെ വാക്കുകളില്‍ സന്തോഷം തുളുമ്പുന്നു. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മുണ്ടക്കല്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ ഭര്‍ത്താവ് മരിച്ച ശേഷം 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. ഏതു നിമിഷവും താഴെ വീഴാവുന്ന നിലയിലായിരുന്നു പഴയ വീട്. പെന്‍ഷന്‍ തുക മാത്രമാണ്  ഏക വരുമാനം.

ലക്ഷ്മിക്കുട്ടിയമ്മ ഉള്‍പ്പെടെ 141 കുടുംബങ്ങള്‍ക്കാണ് ചെമ്പ് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനിലൂടെ സുരക്ഷിത ഭവനങ്ങള്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 25 വീടുകളുടെയും രണ്ടാം ഘട്ടത്തില്‍ 107 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി. പി എം.എ.വൈ പദ്ധതി പ്രകാരം ഒന്‍പത് വീടുകളാണ് പൂര്‍ത്തിയായത്. 

ചെമ്പ് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം ജനുവരി 18ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി നിര്‍വഹിക്കും.  വൈകുന്നേരം നാലിന്  മുറിഞ്ഞപുഴ ഫിഷ് ലാന്‍ഡിംഗ് സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി,  ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ അശോകന്‍,  ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അനില്‍കുമാര്‍,  എന്‍.ആര്‍.ഇ.ജി.എസ് അക്രെഡിറ്റഡ് എഞ്ചിനീയര്‍ ഗീതാ മനോഹരന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. എന്‍ സുഭാഷ്, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date