Skip to main content

മെത്രാന്‍ കായലില്‍ ഡ്രോണ്‍ എത്തി

 

മെത്രാന്‍ കായല്‍ പാടത്ത് മരുന്നു തളിക്കാന്‍ ഡ്രോണ്‍ എത്തി. പാടശേഖരങ്ങളിലെ അമ്ലത്വത്തിന് പരിഹാരമായാണ് ഹെലിക്യാം മാതൃകയിലുളള ഡ്രോണ്‍ ഉപയോഗിച്ചു മരുന്നു തളിച്ചത്. സിങ്ക്,മാംഗനീസ്,മഗ്നീഷ്യം എന്നിവയുടെ മിശ്രിതമാണ് ഡ്രോണിലെ സ്‌പ്രേയര്‍ ഉപയോഗിച്ച് തളിച്ചത്. ഗൂഗിള്‍ മാപ്പിലൂടെ റൂട്ട് തയ്യാറാക്കി ഡ്രോണ്‍ പോകേണ്ട സ്ഥലം ആപ്ലിക്കേഷനില്‍ സെറ്റു ചെയ്താണ് പ്രവര്‍ത്തനം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഡ്രോണ്‍ നിയന്ത്രിക്കുന്നത്. മരുന്നു തളിക്കുന്നതിന് തൊഴിലാളികളുടെ ദൗര്‍ലഭ്യം ഉണ്ടായതാണ് പുതിയ വഴി തേടാന്‍ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. മങ്കൊമ്പ് കീട നിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുളള മരുന്നു തളിക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ബംഗളൂരൂവിലെ ആര്യന്‍ മാപ്പിങ് സൊലൂഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. കര്‍ണാടകയിലെ ഷിമോഗയില്‍ ഇത്തരം മരുന്നുതളിക്കല്‍ വിജയം കണ്ടിരുന്നു. അമ്ലത്വം വര്‍ധിച്ചത് മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടാനിടയാക്കി. ത•ൂലം നെല്‍ചെടികളുടെ വേരുകള്‍ നശിച്ച് മൂലകങ്ങള്‍ വലിച്ചെടുക്കുന്നതിനുളള ക്ഷമത ഇല്ലാതായി. ഇതിനു പരിഹാരമായാണ് മരുന്നുതളിക്കല്‍ നടത്തിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍, ബംഗലൂരുവില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

date