Skip to main content

കായികതാരം അനില്‍കുമാറിന് ജോലി നല്‍കണം:  വി.എസ.് അച്ച്യുതാനന്ദന്‍ കായിക മന്ത്രിക്ക് കത്തു നല്‍കി

 

മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരത്തെ കായികതാരം നൊച്ചിപ്പുള്ളി വി.കെ അനില്‍കുമാറിന് ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ കായികമന്ത്രി ഇ. പി ജയരാജന് കത്തു നല്‍കി.  2004 മുതല്‍ സംസ്ഥാന-ദേശീയ ക്രോസ്‌കണ്‍ട്രി മാരത്തോണില്‍ പങ്കെടുത്ത്  15 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ അനില്‍ നേടിയിട്ടുണ്ട്.  ദേശീയ, ഏഷ്യന്‍, ലോകമാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളിലുള്‍പ്പെടെ നിരവധി കായികമേളകളില്‍ റെക്കോര്‍ഡോടെ വിജയിച്ചിട്ടുണ്ട്.   സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അനില്‍കുമാര്‍. കിടപ്പുരോഗിയായ അച്ഛന്‍ കുട്ടികൃഷ്ണനും അമ്മയും അനിലിന്റെ സംരക്ഷണയിലാണ്.   ഇതുവരെ സ്ഥിരവരുമാനമുള്ള ഒരു ജോലിയും അനില്‍ കുമാറിന് ലഭിച്ചിട്ടില്ല.  ഈ സാഹചര്യത്തില്‍ കായികരംഗത്തെ സ്തുത്യര്‍ഹ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാനുഷികപരിഗണന നല്‍കി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കത്തില്‍ വി.എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അതേസമയം, അനില്‍കുമാറിന് പുതിയവീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തു അറിയിച്ചു.  അനില്‍കുമാറിന്റെ പ്രശ്‌നത്തില്‍ അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് പാലക്കാട് ജില്ലാകളക്ടറും  അറിയിച്ചിട്ടുണ്ട്.  

date