Skip to main content

കോവിഡ്-19 പ്രതിരോധം: കര്‍ശന നിയന്ത്രണങ്ങള്‍  തുടരണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

 

അടിയന്തരഘട്ടം നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.  ജില്ലയിലെ കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത  അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

അടിയന്തരഘട്ടം വന്നാല്‍ നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആശുപത്രികളില്‍ ബെഡ് സൗകര്യവും വെന്റിലേറ്റര്‍ സൗകര്യവും വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളെയും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. ഇവിടങ്ങളില്‍ ലഭ്യമായ കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു.  ജില്ലയില്‍ 70 സ്വകാര്യ ആശുപത്രികളിലായി 5200 കിടക്കകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  അവയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് എത്ര കിടക്കകള്‍ പ്രയോജനപ്പെടുത്താനാവുമെന്ന് ജില്ലാ ഭരണകൂടവും ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഐ.എം.എയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

യൂത്ത് ഹോസ്റ്റലില്‍ പ്രത്യേക കൊറോണ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കുടുബശ്രീയുടെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ബാങ്കുകളിലും എ.ടി.എമ്മുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കോഴിക്കോട് ഇതുവരെയുള്ള എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവായത് പ്രതീക്ഷ നല്‍കുന്നു. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.  നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ അനുസരണയില്ലായ്മയാണ് കാസര്‍ഗോഡ് രോഗവ്യാപനത്തിന് കാരണമായത്.  ഒരു മരണം പോലുമുണ്ടാകരുത് എന്ന ജാഗ്രതയില്‍ എല്ലാവരും പ്രവര്‍ത്തിക്കണം.  സാമൂഹ്യവ്യാപന സാധ്യതകള്‍ പരിഗണിച്ച് പ്രായോഗിക നടപടികള്‍ ഓരോ വ്യക്തിയും കൈക്കൊള്ളണം. പൊതുചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കുകയും ഉത്സവം പോലുള്ളവ ചടങ്ങുകളില്‍ ഒതുക്കുകയും വേണം. 

രാജ്യമൊട്ടാകെ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു മണിവരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവുമായി സഹകരിക്കണമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 
 

 

date