ജില്ലയില്‍ ആരും വിശന്നിരിക്കേണ്ട; 81 സാമൂഹിക അടുക്കളകള്‍ തയ്യാര്‍
കോഴിക്കോട് ജില്ലയില്‍ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടേണ്ട സാഹചര്യമുണ്ടാകില്ല. കാരണം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കോവിഡ് 19 വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണ് സാമൂഹിക അടുക്കളകള്‍ ഒരുക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ആകെ 81 സാമൂഹിക അടുക്കളകള്‍ തുറന്നതായി കുടുബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി കവിത പറഞ്ഞു. ഇതില്‍ 75 അടുക്കളകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വടകര താലൂക്കില്‍ 22 പഞ്ചായത്തുകളിലായി 23 അടുക്കളകളും, കൊയിലാണ്ടി താലൂക്കില്‍ 22 പഞ്ചായത്തുകളിലായി 23, താമരശ്ശേരി താലൂക്കില്‍ പത്ത് പഞ്ചായത്തുകളിലായി പത്ത്, കോഴിക്കോട് താലൂക്കില്‍ 16 പഞ്ചായത്തുകളിലായി 16 അടുക്കളകളകളുമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ട് അടുക്കളകളും, ഏഴ് മുനിസിപ്പാലിറ്റികളിലായി ഏഴ് അടുക്കളകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 75 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്ന് (28/3)മൊത്തം 5886 ഊണുകള്‍ സൗജന്യമായി നല്കി. 20 രൂപയ്ക്ക് നല്കുന്ന ഊണ് 759 പേര്‍ക്കും, 348 ഊണ് വീടുകളിലെത്തിച്ച് നല്‍കുകയും ചെയ്തു.
ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കായി രുചിയുള്ള ഭക്ഷണങ്ങളാണ് ഇവിടെ തയാറായിക്കൊണ്ടിരിക്കുന്നത്. ക്വാറന്റയിന്‍/ ഐസൊലേഷനില്‍ കഴിയുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, തെരുവുകളില്‍ താമസിക്കുന്നവര്‍, ലോഡ്ജ് മുറികളില്‍ താമസിക്കുന്നവര്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് വിവരമറിയിക്കാം. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കുക. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ വോളന്റിയര്‍ ടീം രൂപീകരിക്കും. വോളന്റിയര്‍ ടീം വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ ചാര്‍ജ് നല്‍കണം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലിക്കപ്പെടേണ്ട ആരോഗ്യ നിബന്ധനകള്‍ എല്ലാ സാമൂഹിക അടുക്കളകളും പാലിക്കേണ്ടതാണ്. അംഗങ്ങളും വിതരണക്കാരും യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും നിര്‍ബന്ധമായും മാസ്കും കയ്യുറകളും ധരിക്കണം. എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാരം ഉള്ളതാണെന്നും ഉറപ്പുവരുത്തണം.
ആവശ്യമായ അരി തൊട്ടടുത്തുള്ള റേഷന്‍ ഡിപ്പോകളില്‍ നിന്ന് കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. പലവ്യഞ്ജനങ്ങളും പച്ചക്കറികളും സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും സംഘകൃഷി ഗ്രൂപ്പുകള്‍, പ്രാദേശിക കര്‍ഷകര്‍, കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങളില്‍ നിന്നും സംഭരിക്കും. ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്ന് ഉറപ്പു വരുത്തണം. നിശ്ചയിച്ചിട്ടുള്ളതിലധികം വില ആരെങ്കിലും ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
- Log in to post comments