Skip to main content

പെരുവള്ളൂര്‍ സി.എച്ച്.സിയില്‍ കിടത്തിചികിത്സ തുടങ്ങി        

 

പെരുവള്ളൂര്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറാപ്പി യൂനിറ്റ്, മൂലയൂട്ടല്‍ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം എം.എല്‍.എ നിര്‍വഹിച്ചു. സി.എച്ച്.സിക്ക്  എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള പുതിയ കെട്ടിടത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ഒന്നര കോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

പുരുഷവനിതാ വാര്‍ഡുകളിലായി 20 പേര്‍ക്ക് കിടത്തിച്ചികിത്സ സൗകര്യം ലഭ്യമാകും. വൈകീട്ട് ആറ് വരെ ഒ.പി പ്രവര്‍ത്തിക്കും. അഡ്മിറ്റിന്  രാത്രിയും പകലും സൗകര്യവുമുണ്ടാകും. എന്‍.എച്ച്.എം മുഖേന ഒരു ഡോക്ടര്‍, മൂന്ന് നഴ്‌സിങ് സ്റ്റാഫ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫ്, എച്ച്.എം.സി ഫണ്ട് ഉപയോഗിച്ച്  ക്ലീനിങ് സ്റ്റാഫ് എന്നിവരെ ഉടന്‍ നിയമിക്കും. തെറാപ്പി യൂനിറ്റും എന്‍.എച്ച്.എം വഴിയാകും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം 15 ലക്ഷം രൂപ പെരുവള്ളൂര്‍ സി.എച്ച്.സിക്കായി  വകയിരുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം അധ്യക്ഷനായി. പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല, ജനപ്രതിനിധികളായ ടി.പി. അസൈന്‍, രാജേഷ് ചെക്യാടന്‍, സി. വിജയന്‍, എം.കെ. വേണുഗോപാല്‍, ഇസ്മായില്‍ കാവുങ്ങല്‍, ബീഗം സാബിറ, പി. വിശ്വന്‍, കെ. അയ്യപ്പന്‍, എച്ച്.എം.സി. അംഗങ്ങള്‍,  മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date