Skip to main content

റവന്യൂ സർട്ടിഫിക്കറ്റുകൾക്കായി മൊബൈൽ ആപ്പ്

ലോക ഡൗണിനു ശേഷം ഓഫീസുകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ റവന്യൂ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാകും. എം കേരളം എന്ന മൊബൈൽ ആപ്പ് വഴി റവന്യൂ വകുപ്പിൽ നിന്നുള്ള 24 ഇനം സർട്ടിഫിക്കറ്റുകൾ ലഭിക്കും. സാക്ഷ്യപത്രങ്ങൾക്കായി അപേക്ഷ നൽകാനും, ഫീസ് ഒടുക്കാനും, സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും ഈ മൊബൈൽ ആപ്പ് വഴി സാധിക്കും. വില്ലേജ് ഓഫീസിലെ തിരക്ക് ഇതുമൂലം ഒഴിവാക്കാനാകും. സംസ്ഥാനത്തെ 17 വകുപ്പുകളിൽ നിന്നുള്ള നൂറിലധികം സേവനങ്ങളാണ് ഈ ആപ്പ് വഴി ലഭ്യമാക്കുക. ഗൂഗിൾ പ്ലേസ്റ്റോർ, ഐ ഒ എസ് ആപ്പ് സ്റ്റോർ എന്നീ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും എം കേരളം ഡൗൺലോഡ് ചെയ്യാം. യൂസർ ഐഡി, പാസ്സ്വേർഡ് എന്നിവ നൽകി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. സർവീസ് എന്ന ടാബിൽ നിന്നോ ഡിപ്പാർട്ട്‌മെൻറ്‌സ് എന്ന ടാബിൽ നിന്നോ സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ നൽകണം. ഫീസ് അടക്കാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംഗ് എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. സാക്ഷ്യപത്രങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനിൽ ലഭ്യമാക്കും. സാങ്കേതിക സഹായങ്ങൾക്ക് 0471-155300, 0471-2335523 എന്നീ നമ്പറുകളിലോ, helpdesk. ksitm@kerala.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടുക.
 

date