ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ ഉളളവർക്ക് ഹോംക്വാറന്റീനിലേക്ക് മാറാൻ അവസരം
ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഹോം ക്വാറന്റീനിലേക്ക് മാറാനുളള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്ന മലയാളികൾക്ക് വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമൊരുക്കാമെന്ന് സർക്കാർ ഉത്തരവിട്ട സാഹചര്യത്തിലാണിത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു നേരത്തെയുളള വ്യവസ്ഥ.
ഹോംക്വാറന്റീനിൽ കഴിയാനുദ്ദേശിക്കുന്ന സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശുചിമുറിയും ഉളളവർക്കാണ് ഇളവ് അനുവദിക്കുക. നിലവിലെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ നിന്ന് ഹോംക്വാറന്റീനിലേക്ക് മാറാൻ ഉദ്ദേശിക്കുന്നവർ ഈ സൗകര്യം ലഭ്യമാണെന്ന സത്യപ്രസ്താവന നൽകണം. സത്യപ്രസ്താവന ലഭിച്ചാൽ അവരെ ഹോംക്വാറന്റീനിലേക്ക് മാറ്റുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറി, ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവർ നടപടി സ്വീകരിക്കും. ഇപ്രകാരം വിടുതൽ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങൾ അന്തേവാസിയുടെ വാസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിയേയും മെഡിക്കൽ ഓഫീസറെയും അറിയിക്കണം. ഹോംക്വാറന്റീനിലേക്ക് മാറ്റപ്പെടുന്നവർ അവരുടെ യാത്രസൗകര്യം സ്വന്തമായി കണ്ടെത്തണം. ഇതിനു കഴിയാത്തവർക്ക് ആരോഗ്യവകുപ്പ് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. നിലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ പെയ്ഡ് ക്വാറന്റീനിലേക്ക് മാറുന്നതിനും സ്വാതന്ത്ര്യമുണ്ടാവും. ഇതിന്റെ ഫലമായി കോവിഡ് കെയർ സെന്ററുകളിൽ ഒഴിവു വരുന്ന മുറികൾ അണുവിമുക്തമാക്കും. ഒഴിവു വരുന്ന കിടക്കളുടെ എണ്ണം കണക്കാക്കി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളെ പുനക്രമീകരിക്കുന്നതിന് നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ കെ മധുവിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയ കോവിഡ് കെയർ സെന്ററുകൾക്ക് പുറമേ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആവശ്യാനുസരണം കെയർ സെന്ററുകൾ ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൊതുനിരീക്ഷണ സംവിധാനത്തിൽ കഴിയുന്നവരെ വീടുകളിലേക്കും പെയ്ഡ് കേന്ദ്രങ്ങളിലേക്കും മാറ്റുന്ന പ്രക്രിയ മെയ് 12 ന് പൂർത്തിയാക്കും. അതിർത്തി കടന്ന് ജില്ലയിലേക്ക് വരുന്നവർ അതാത് തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഫോൺ മുഖനേ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതിനായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കും.
- Log in to post comments