ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കും, ലംഘനങ്ങള്‍ക്കെതിരെ നടപടി
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തി വിവിധയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചു വരുന്നതായും, അവര്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. ജനമൈത്രി പോലീസ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. നിബന്ധനകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരം കര്‍ശനനിയമ നടപടികള്‍ കൈക്കൊള്ളും.
പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം 17 ന് അവസാനിക്കാനിരിക്കെ, നിയന്ത്രണങ്ങള്‍ പാലിച്ചും മാസ്ക് ധരിച്ചും അത്യാവശ്യയാത്രകള്‍ നടത്താം. ലംഘിക്കുന്നവര്‍ക്കെതിരെ നടപടി തുടരും. ഇന്നലെ (10) മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 30 പേര്‍ക്ക് നോട്ടീസ് നല്കി. ഞായര്‍ വൈകിട്ട് നാലു മുതല്‍ തിങ്കളാഴ്ച വൈകിട്ട് നാലു വരെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 232 കേസുകളിലായി 268 പേരെ അറസ്റ്റ് ചെയ്യുകയും, 173 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
വ്യാജചാരായ നിര്‍മാണം, അനധികൃത പാറ, മെറ്റല്‍ കടത്ത്, ടിപ്പറുകളുടെ അതിവേഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ റെയ്ഡുകളും പരിശോധനകളും തുടരും. ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മൂഴിയാര്‍ മേലെകോട്ടമന്പാറ മുരുകന് ക്ഷേത്രത്തിനുസമീപം പുരയിടത്തില്‍ നിന്നും കോട പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു. വാഴയില്‍ വീട്ടില്‍ ആപ്പനെന്നു വിളിക്കുന്ന സുനില്‍കുമാര്‍ (47)ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നു ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഷാഡോ പോലീസ് സംഘത്തില്‍ എസ്ഐ ആര്.എസ് രെഞ്ചു, രാധാകൃഷ്ണന്, എഎസ്ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു. ഷാഡോ പോലീസിനെയും ലോക്കല്‍ പോലീസിനെയും ഉപയോഗിച്ച് റെയ്ഡും മറ്റും ഊര്‍ജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
- Log in to post comments