പിന്നാക്ക കോർപ്പറേഷനിൽ വായ്പാ തിരിച്ചടവിന് ഓൺലൈൻ സംവിധാനം
എറണാകുളം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് വേണ്ടി ഓൺലൈൻ മുഖേന വായ്പ തിരിച്ചടക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിൻ്റെ എസ്.ബി.ഐ കളക്റ്റ് വഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇൻ്റർനെറ്റ് ലഭ്യമായ മൊബൈൽ / കമ്പ്യൂട്ടർ വഴി വായ്പാ തിരിച്ചടവ് നടത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇൻ്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീ പെയ്ഡ് കാർഡ്, എൻ.ഇ.എഫ്.ടി/ ആർ.ടി.ജി.എസ്, യു.പി.ഐ (ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, മൊബി ക്വിക്ക് മുതലായവ) എന്നിവയിൽ ഏതെങ്കിലും മാർഗം തിരിച്ചടവിന് ഉപയോഗിക്കാം. യു.പി.ഐ/റുപേ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സർവീസ് ചാർജ് ഈടാക്കുന്നതല്ല. തിരിച്ചടവ് രസീത് എസ്.ബി.ഐ കളക്റ്റിൽ നിന്ന് ലഭിക്കും. മുൻ തീയതികളിൽ എസ്.ബി.ഐ കളക്റ്റ് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും. ഇതിന് പുറമെ കോർപ്പറേഷൻ്റെ ജില്ലാ / ഉപജില്ലാ ഓഫീസുകൾ മുഖേനയും എസ്.ബി.ഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാം. കോർപ്പറേഷൻ ഓഫീസുകളിലോ ശാഖകളിലോ എത്തിച്ചേരാതെ സ്വന്തം വീട്ടിലിരുന്ന് തന്നെ തിരിച്ചടവ് നടത്താൻ സാധിക്കും. വായ്പാ നമ്പറും തിരിച്ചടവ് സംഖ്യയും ഗുണഭോക്താവ് തന്നെ രേഖപ്പെടുത്തുന്നതിനാൽ കൃത്യത ഉറപ്പ് വരുത്താനും കഴിയും. https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ തിരിച്ചടവ് നടത്താവുന്നതാണ്. വിശദമായ മാർഗനിർദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവ കോർപ്പറേഷൻ്റെ www.ksbcdc.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
- Log in to post comments