Skip to main content

ക്വാറന്റൈന്‍ പ്രവര്‍ത്തനം ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്ന  പ്രവര്‍ത്തനം വിലയിരുത്താന്‍  കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും, ആരോഗ്യ വകുപ്പിലെ ജീവനക്കാരും പങ്കെടുത്തു.

      നിയോജക മണ്ഡലത്തില്‍ പുറത്തു നിന്നെത്തിയ 43 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും, 254 പേരെ വീടുകളിലും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നു എന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്ന് യോഗം തീരുമാനിച്ചു. ഇതിനായി ആവശ്യമെങ്കില്‍ ആരോഗ്യ വകുപ്പ് പോലീസിന്റെ സഹായം തേടണം. എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് വലിയ വിപത്തായി മാറുമെന്ന് യോഗം വിലയിരുത്തി.

     വള്ളിക്കോട് പഞ്ചായത്തില്‍ ക്വാറന്റൈന്‍ സെന്ററായി എടുക്കാന്‍ ആലോചിച്ച സ്‌കൂളിന് മതിയായ സൗകര്യമില്ലാത്തതിനാല്‍ പുതിയ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണം. കലഞ്ഞൂര്‍ പഞ്ചായത്തും കോവിഡ് കെയര്‍ സെന്ററിനായി സ്ഥലം കണ്ടെത്തണം.

ഭക്ഷണം നല്‍കാനുള്ള ചുമതല പഞ്ചായത്തുകള്‍ കൃത്യമായി നിര്‍വഹിക്കണം. എല്ലാ വിഭാഗങ്ങളും ഏകോപിച്ച് ഒരു പരാതിയുമില്ലാത്ത നിലയില്‍ ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.

       യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീത രമേശ്, സുനില്‍ വര്‍ഗീസ് ആന്റണി, മനോജ് കുമാര്‍, തോമസ് മാത്യു, എം. രജനി, ലിസിമോള്‍ ജോസഫ്, കെ. ജയലാല്‍, എം.വി. അമ്പിളി, രവികല എബി, ബീന മുഹമ്മദ് റാഫി, പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, തഹസില്‍ദാര്‍ ശ്രീകുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോര്‍ജ്, ആര്‍എംഒ ഡോ. അരുണ്‍ ജയപ്രകാശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി.സാജന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

date