വിജയ രഥം പദ്ധതി: വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ ഒരുക്കം തുടങ്ങി
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂര്‍ മണ്ഡലത്തിലെ വിജയരഥം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ നടപടികള്‍ തുടങ്ങി. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പരീക്ഷകള്‍ പുന:രാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നൊരുക്കം. ഇതിന്റെ ഭാഗമായി വി അബ്ദുറഹ്മാന്‍ എം.എല്‍.എ താനൂര്‍ മണ്ഡലത്തിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ഓണ്‍ലൈനില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്ക് പാഠ ഭാഗങ്ങള്‍ ഒരിക്കല്‍ കൂടി മനസിലാക്കി കൊടുക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ എഴുതാനുള്ള പരിശീലനം നല്‍കാനും എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. താനൂര്‍ എ.ഇ.ഒ പി.രമേശ് കുമാര്‍, ലക്ഷ്മി നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments