Skip to main content

ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു* 

 

 

*ജില്ലയില്‍ ഈ വര്‍ഷം 35 ഡെങ്കിപ്പനി കേസുകളും 205 സംശയാസ്പദ കേസുകളും

 

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ വച്ച് സംയോജിത കൊതുകു നിയന്ത്രണ പ്രവര്‍ത്തനവും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. 'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.

 

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത നല്ലളം-ചെറുവണ്ണൂരിലെ നാത്തൂനിപാടം പ്രദേശത്തും സമീപ പ്രദേശങ്ങളിലും ഉറവിട നശീകരണം, കീടനാശിനി തളിക്കല്‍, കൊതുകിനെതിരേയുളള ലേപന വിതരണം, ലഘുലേഘ വിതരണം, കിണറുകളില്‍ ഗപ്പി മത്സ്യ നിക്ഷേപം നടത്തി. ചെറുവണ്ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപക്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി.എം.പി, ജില്ലാ മലേറിയാ ഓഫീസര്‍ ഡോ. ഷിനി. ക.കെ, ചെറുവണ്ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വപ്‌ന എന്നിവര്‍ പങ്കെടുത്തു. 

 

ജില്ലയില്‍ ഈ വര്‍ഷം 205 സംശയാസ്പദ ഡെങ്കിപ്പനി കേസുകളും 35 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, സന്ധികളിലും പേശികളിലും വേദന മുതലായവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ ഡെങ്കിപ്പനി പരത്തുന്നു. ഇവ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങി നില്‍ക്കുന്ന ഇടങ്ങളിലുമാണ്. 

 

കൊതുക് മുട്ടയിടുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗം. ജന പങ്കാളിത്തത്തോടുകൂടി മാത്രമേ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുകയുളളു. കൊതുക് നിയന്ത്രണ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ആഴ്ചയും (ഡ്രൈ ഡേ ദിനാചരണം) കൃത്യമായി നടപ്പിലാക്കിയാല്‍ കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി  സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ രോഗ നിയന്ത്രണം സാധ്യമാവുകയുളളു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു.

date