Skip to main content

കോവിഡ് 19: ജില്ലയില്‍ 6269 പേര്‍ നിരീക്ഷണത്തില്‍

 

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 6263 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രണ്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6269 പേര്‍ നിരീക്ഷണത്തിലുണ്ട്.
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശി, ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച  ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 3851 സാമ്പിളുകളില്‍ ഫലം വന്ന 3394 നെഗറ്റീവും 19 എണ്ണം പോസിറ്റീവുമാണ്. ആകെ 38349 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32053 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6932 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്
* വീട്ടിലുള്ളവരുമായോ സന്ദര്‍ശകരുമായോ യാതൊരു ഇടപഴകലും പാടില്ല
* വായുസഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള മുറിയില്‍ കഴിയണം . ഹോം ക്വാറന്റെയ്ന്‍ എന്നാല്‍ വീട്ടിലെ ഒരു മുറി മാത്രം ഉപയോഗിക്കുക എന്നാണ്.
* നിര്‍ബന്ധമായും മാസ്‌ക്( തൂവാല/ തുണി) ധരിക്കണം
* ആറുമണിക്കൂര്‍ മാത്രം ഒരു മാസ്‌ക് ഉപയോഗിക്കുക
* ഉപയോഗിച്ച് മാസ്‌ക് ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി വെയിലത്ത് ഉണക്കി ഉപയോഗിക്കുക
* കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
* നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പാത്രങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ മറ്റാരുമായും പങ്കു വെക്കരുത്
* തോര്‍ത്ത്, വസ്ത്രങ്ങള്‍ , പത്രം, മാസിക, പാത്രങ്ങള്‍ മുതലായവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കുക
* പുറത്തേക്ക് തുപ്പരുത്
* നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് ഭക്ഷണം എത്തിക്കാനും മറ്റു സഹായങ്ങള്‍ക്കും 60 വയസ്സിനു താഴെ പ്രായമുള്ളവര്‍, കുട്ടികള്‍, എന്നിവര്‍ പോകരുത്
* നന്നായി വിശ്രമിക്കുക ധാരാളം വെള്ളം കുടിക്കുക പോഷകസമൃദ്ധമായ ആഹാരം കഴിക്കുക

കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വ്യക്തിശുചിത്വം പാലിച്ചേ കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാവൂ.
* ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം.
* ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, കുട്ടികളെ മറ്റുള്ളവരിലേക്ക് കൈമാറാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുക
* വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായിട്ടുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.
* കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിനു മുന്‍പായി അമ്മ കൈയും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.
* കുട്ടിയെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടിവരുന്ന അവസ്ഥയില്‍ അമ്മമാര്‍ സമയാസമയം ദേഹശുദ്ധി വരുത്തിയ ശേഷം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ പിഴിഞ്ഞു നല്‍കാവുന്നതാണ്.
* നിരീക്ഷണത്തിലുള്ള അമ്മയ്ക്ക് കൈയും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയതിനുശേഷം മാസ്‌ക് ധരിച്ച് കുഞ്ഞിന് മുലപ്പാല്‍ നല്‍കാവുന്നതാണ്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date