Skip to main content

പ്രളയാനന്തരം അടിഞ്ഞ മണൽ എറിയാട് പഞ്ചായത്തിൽ പരസ്യലേലം ചെയ്യും

എറിയാട് ഗ്രാമപഞ്ചായത്തിലെ അറപ്പതോട്ടിൽ പ്രളയാനന്തരം അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന് പരസ്യലേലം നടത്തുന്നു. മെയ് 30ന് രാവിലെ 11.30ന് പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് പരസ്യ ലേലം. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട തോടിന്റെ ഇരുകരകളിലുമായാണ് മണൽ കൂട്ടിയിട്ടുള്ളത്. മേൽപ്രകാരം നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിക്കുന്നതിന് കർശന നിബന്ധനകളാണ് പഞ്ചായത്ത് മുന്നോട്ടു വച്ചിരിക്കുന്നത്. നീക്കംചെയ്യുന്ന മണൽ നെൽവയലുകളോ തണ്ണീർത്തടങ്ങളോ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളോ നികത്തുന്നതിനായി ഉപയോഗിക്കാൻ പാടില്ല. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഗതാഗതത്തിനും പരിസ്ഥിതിക്കും ദോഷകരമാകാത്ത വിധവും സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധവുമായിരിക്കണം. ഇതിന് അധികച്ചെലവ് വരികയാണെങ്കിൽ കരാറുകാരൻ തന്നെ വഹിക്കേണ്ടതാണ്. മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും അതാത് കാലങ്ങളിൽ നിലനിൽക്കുന്ന നിയമാനുസരണമുള്ള നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കുവാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. വ്യവസ്ഥ ലംഘിച്ചാൽ ലേലം റദ്ദാക്കപ്പെടും. ലേല നടപടികളുടെ ഏതു ഘട്ടത്തിൽവെച്ചും നിർത്തിവെക്കാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പ്രാബല്യത്തിലുള്ള ജി എസ് ടി രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവ നിർബന്ധമാണ്. അമ്പതിനായിരം രൂപ നിരതദ്രവ്യമായി കെട്ടിവെയ്ക്കണം. ഇത് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലോ സെക്രട്ടറി, എറിയാട് ഗ്രാമപഞ്ചായത്ത് എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായോ അടവാക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ലേല ദിവസം രാവിലെ 11 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിലെ എ 5 സെക്ഷനിൽ ജി എസ് ടി രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയുടെ പകർപ്പും നിരതദ്രവ്യം അടവാക്കിയതിന്റെ കോപ്പിയും ഹാജരാക്കി, ടോക്കൺ വാങ്ങി ലേലം നടക്കുന്ന പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണം. ലേലം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച അറിയിപ്പ് ലഭിച്ചാൽ ഏഴുദിവസത്തിനകം 200 രൂപയുടെ മുദ്രപത്രത്തിൽ നിശ്ചിത വ്യവസ്ഥകളോടെ ലേലം കൊണ്ട വ്യക്തി പഞ്ചായത്തുമായി കരാറിലേർപ്പെടേണ്ടതും ബാക്കി തുക കൂടി അടവാക്കേണ്ടതുമാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും അനുവദിക്കുന്ന ട്രാൻസിറ്റ് പാസുകളുടെ അടിസ്ഥാനത്തിലായിരിക്കും മണ്ണ് നീക്കം ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

date