Skip to main content

തദ്ദേശ സ്ഥാപനങ്ങളില്‍ മെയ് 30 നകം ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കണം ജില്ലാതല ദുരന്തനിവാരണ സമിതി അവലോകന യോഗം ചേര്‍ന്നു

സംസ്ഥാനത്ത് അതിവര്‍ഷം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍  മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അവലോകന യോഗത്തില്‍ തീരുമാനം. കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെ തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് നിര്‍ദ്ദേശം.  മെയ് 25 നകം പഞ്ചായത്തുതല സമിതികള്‍ അടിയന്തിര യോഗം ചേരാനും  30 നുള്ളില്‍ ദുരന്ത ലഘൂകരണ പദ്ധതി രൂപീകരിക്കാനും തീരുമാനമായി. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തുക, സന്നദ്ധ വളണ്ടിയര്‍മാരുടെ സംഘം രൂപീകരിക്കുക, അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുക, നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍  നഷ്ടം തിട്ടപ്പെടുത്താന്‍ എഞ്ചിനീയറിങ് വിഭാഗത്തെ  ചുമതലപ്പെടുത്തുക, കടകളിലും  മറ്റും അന്തിയുറങ്ങുന്നവരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, തോടുകളും ഓടകളും ശുചീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍മപദ്ധതി  തയ്യാറാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു
കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ഹോം ക്വാറന്റൈന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിലും  അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
സാമൂഹിക അകലം പാലിച്ച് മൂന്നു വിഭാഗങ്ങളിലായാണ് ജില്ലാ ദുരന്ത നിവാരണ  മണ്‍സൂണ്‍ തയ്യാറെടുപ്പ് അവലോകന യോഗം ചേര്‍ന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുധീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ടിജെ അരുണ്‍,  അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍  കെ ശാന്ത,ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍  കെ പി ജയബാലന്‍, , ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ ഓഫീസര്‍  സുനില്‍ ദത്തന്‍ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date