വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ*
വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവിധ മുൻകരുതലും മാർഗങ്ങളും സ്വീകരിക്കുമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. വന്യമൃഗത്തെ പിടികൂടുന്നതിനായി വയനാട്ടിൽ നിന്നും കൂടുതൽ കൂടുകളും കാമറകളും കൊണ്ടുവരുമെന്നും വനമേഖലയിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുമെന്നും അടിയന്തിരമായി ഇക്കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കുമെന്നും വനം മന്ത്രിയുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്പോണ്സ് ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ട്ടപെട്ട ആൾക്ക് വെറ്റിനറി സർജന്റെ റിപ്പോർട്ട് കിട്ടിയതിനു ശേഷം കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ
എം കുഞ്ഞമ്മദ്, ജില്ലാ വനംവകുപ്പ് ഓഫീസർ കെ രാജീവൻ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ഷജീവ്, ഫ്രാൻസിസ് കിഴക്കരക്കാട്ട് എന്നിവർ പങ്കെടുത്തു.
- Log in to post comments