Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പരപ്പനങ്ങാടി എളേടത്ത് ഹംസക്കോയ (61) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലിരിക്കെ ഇന്ന് (ജൂണ്‍ ആറ്) രാവിലെ 6.30 ന് മരിച്ചത്. മെയ് 30ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച്  ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ ഇ.സി.ജി പരിശോധനയില്‍ ഹൈപ്പര്‍ ട്രോഫിക് കാര്‍ഡിയോ മയോപ്പതി സ്ഥിരീകരിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, കടുത്ത ന്യുമോണിയ ബാധ എന്നിവയും കണ്ടെത്തി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ജൂണ്‍ അഞ്ചിന് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാക്കിയിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 
മെയ് 21 നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം വീട്ടില്‍ എത്തിയത്.  മെയ് 26 ന് രോഗ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം മുംബൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ്. ഇവര്‍ വീഡിയോ സംവിധാനത്തിലൂടെ മൃതദേഹം കണ്ടു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് (ജൂണ്‍ ആറ്) ഉച്ചയ്ക്കുശേഷം പരപ്പനങ്ങാടി ജുമാമസ്ജിദില്‍ മൃതദേഹം സംസ്‌കരിക്കും.
(എം.പി.എം 2100/2020)
 

date