Skip to main content

ഹരിത സമൃദ്ധിയിലേക്ക് വഴിതുറന്ന് പരിസ്ഥിതി ദിനാഘോഷം

ഹരിതസമൃദ്ധി വിപുലീകരിക്കുന്നതിനായി ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ട് കോട്ടയം ജില്ലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കൃഷി വകുപ്പ്, സാമൂഹ്യ വനവത്ക്കരണ വിഭാഗം, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടത്. 

 

കൃഷി വകുപ്പ് നടപ്പാക്കുന്ന ഒരു കോടി ഫലവൃക്ഷത്തെ വിതരണത്തിന്റെ ഒന്നാം ഘട്ടം കുമാരനല്ലൂര്‍ കൃഷിഭവനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തരിശ് നിലകൃഷിയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും അടുക്കള ആരാമം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഇതേ ചടങ്ങില്‍ നിര്‍വഹിച്ചു. 

 

കൃഷി വകുപ്പിന്റെ കീഴിലുളള ഫാമുകള്‍, വി.എഫ്.പി.സി.കെ, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വ്വീസ്  സെന്റര്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഉത്പാദിപ്പിച്ച 21 ഇനം ഫലവൃക്ഷങ്ങളുടെ തൈകളാണ് ഒരു കോടി വൃക്ഷത്തൈ വിതരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്നത്. വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍, സ്‌കൂളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തൈകള്‍ നട്ടു പിടിപ്പിക്കും. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കുഞ്ഞുമോന്‍, വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശശി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സലോമി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി തമ്പി, കൃഷി ഓഫീസര്‍ നാസിയ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍  അഞ്ച് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന തണലോരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കോട്ടയം മുന്‍സിപ്പല്‍ പാര്‍ക്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, ജില്ലാ പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ 25000 ഓളം വൃക്ഷത്തൈകള്‍ നട്ട് പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം മുട്ടമ്പലം ഗവണ്‍മെന്റ് ഓഫീസേഴ്‌സ് റെസിഡന്‍സ് അസോസിയേഷനും ഹരിത കേരളം മിഷനും സംയുക്തമായി  ഒരു വീടിന് ഒരു മരം പദ്ധതി നടപ്പിലാക്കി. ജില്ലാ കളക്ടര്‍ എം.  അഞ്ജന ഔദ്യോഗിക വസതിയില്‍ വൃക്ഷത്തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് നിവാസികള്‍ക്ക് കളക്ടര്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ വസതിയിലും തൈ നല്‍കി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ്, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ പച്ചത്തുരുത്ത് പ്രഖ്യാപനം മാണി സി കാപ്പന്‍  എം. എല്‍. എ നിര്‍വഹിച്ചു. കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍  വൃക്ഷത്തൈ നട്ട് ഹരിതമതില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സി.എം.എസ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എന്റെ ഹരിത വിദ്യാലയം എന്റെ ഹരിത വീട് പദ്ധതി സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡോ.ജി പ്രസാദ് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലുള്‍പ്പെടുത്തി  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ 70,000 ഫലവൃക്ഷത്തൈകള്‍ ഇന്നലെ നട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച വൃക്ഷത്തൈകള്‍ പൊതുസ്ഥാപനങ്ങളുടെ വളപ്പിലും വീട്ടുപരിസരത്തുമായാണ് നട്ടത്.

 

 

date