പെട്രോൾ ഡീസൽ വില വർദ്ധനവ്: കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്ക് കത്തയച്ചു
|
|
|
|
കോവിഡ് 19 സാഹചര്യത്തിൽ പെട്രോൾ ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സംസ്ഥാന സർക്കാറിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. തുടർച്ചയായി കഴിഞ്ഞ ഏഴു ദിവസങ്ങളായുള്ള വിലവർദ്ധനവ് ഗതാഗത മേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയിൽ വിലകുറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുൻപില്ലാത്ത രീതിയിൽ വില വർധിപ്പിച്ചു കൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. ഓയിൽ കമ്പനികൾ ഇന്ധന വില വർധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അതോടൊപ്പം തന്നെ ഡീസലിനും പെട്രോളിനും മേലുള്ള എക്സൈസ് തീരുവ വലിയ തോതിൽ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നും വർദ്ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
- Log in to post comments