സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കും : മന്ത്രി കെ രാജു
താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്ഫറൻസ് വഴിയാണ് കെട്ടിട ഉൽഘാടനം നിർവഹിച്ചത്.
70 മത് വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ വിപുലമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിദേശ മരങ്ങൾ വെട്ടി മാറ്റി പകരം സ്വാഭാവിക മരങ്ങൾ വെച്ചു പിടിപ്പിക്കും. ആദിവാസികളുടെ ആവാസ മേഖലകളിൽ വനവല്കരണം നടതാനുള്ള പദ്ധതിയും ഇതിനൊപ്പം ആവിഷ്കരിച്ചിട്ടുണ്ട്. തരിശു ഭൂമികൾ ഇതിനായി ഉപയോഗിക്കും. പ്ലാസ്റ്റിക് കൂടിന് പകരം ചകിരി കൂടിൽ വൃക്ഷത്തൈ വിതരണം ചെയ്യുകയാണ്.
വനമഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂർ സൂവോളജിക്കൽ പാർക്കിൽ സ്വാഭാവിക വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ട് മാറ്റുകയാണ് ലക്ഷ്യം.വന്യജീവികൾക്കുള്ള ആവാസ വ്യവസ്ഥയിൽ തന്നെ അവക്കുള്ള താമസസൗകര്യം ഒരുക്കികൊടുക്കുന്ന
ശ്രദ്ധേയ പദ്ധതിയാണിത്. നീലക്കുറിഞ്ഞി പുനഃസ്ഥാപനം, ആനമുടി,ഷോല ദേശീയോദ്യാനതിലെ പുൽമേടു പുനഃസ്ഥാപനം, മൂന്നാർ വനം ഡിവിഷനിൽ ചോല പുനഃസ്ഥാപനം എന്നിവയും വനമഹോത്സവത്തിന്റെ ഭാഗമായി നടത്തും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും വനമഹോത്സവ പരിപാടികൾ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ പ്രതിനിധാനം ചെയ്ത് ദേവേന്ദ്ര കുമാർ വർമ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് വിളക്കുകൊളുത്തുകയും ഫലകം അനാച്ഛാദനം ചെയ്യുകയുണ്ടായി. ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ കാർത്തികേയൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ, എപിസിസിഎഫ് അഡ്മിനിസ്ട്രേഷൻ രാജേഷ് രവീന്ദ്രൻ, കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് ആടൽഅരശൻ, റേഞ്ച് ഓഫീസർ അഖിൽ നാരായൺ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ, ദേവി വാഴയിൽ എന്നിവർ പങ്കെടുത്തു.
28 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം.
- Log in to post comments