Skip to main content

അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്ര വികസനത്തിന് 10 ലക്ഷം രൂപ

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സി.കെ.നാണു എംഎല്‍എ പത്ത് ലക്ഷം രൂപ അനുവദിച്ചു.  തുക വിനിയോഗിച്ച് ലാബ് നിര്‍മ്മിക്കും.  പഞ്ചായത്തിലെ കോവിഡ്19 പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിന് സി.കെ. നാണു എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.   പ്രവാസികളുടെ തിരിച്ചുവരവ് വര്‍ധിച്ചതിനാല്‍ പഴുതുകളടച്ച പ്രവര്‍ത്തനം ഉറപ്പു വരുത്തണമെന്ന് എംഎല്‍എ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വിവിധപ്രദേശങ്ങളില്‍നിന്ന്   ചോമ്പാല ഹാര്‍ബറിലെത്തുന്ന ലോറികളെ നിയന്ത്രിക്കല്‍,  വിദേശത്ത് നിന്ന് വരുന്നവരുടെ വിശദാംശങ്ങള്‍  നേരത്തെതന്നെ പഞ്ചായത്തിന് കൈമാറല്‍ എന്നീ വിഷയങ്ങള്‍ എംഎല്‍എ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 

നിലവില്‍ പഞ്ചായത്തില്‍ മൂന്ന് നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പൂട്ടിയിട്ട  വീടുകളുടെ വിവരം അങ്കണവാടി ടീച്ചര്‍മാര്‍ വഴി ശേഖരിച്ചിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കി കെട്ടിടങ്ങള്‍ പഞ്ചായത്ത് കോവിഡ് കെയര്‍ സെന്ററായി ഏറ്റെടുക്കും.  പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍, വൈസ് പ്രസിഡണ്ട് ഷീബ അനില്‍,  സ്ഥിരം സമിതി അധ്യക്ഷകളായ ഉഷ ചാത്തന്‍കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി,  പഞ്ചായത്ത് സെക്രട്ടറി ടി.  ഷാഹുല്‍ ഹമീദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ്,  എസ്ഐ എസ.നിഖില്‍,   മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ നസീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date