ഓൺലൈൻ പഠനത്തിന് സഹായിക്കാൻ വിരമിച്ച അധ്യാപകർ - സാമൂഹിക പ്രവർത്തകരുടെ സേവനം ലഭ്യമാക്കണം: മന്ത്രി കെ. കൃഷ്ണൻ കുട്ടി
ഓൺലൈൻ പഠന സൗകര്യങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാൻ അറിയാത്ത രക്ഷിതാക്കളുടെ കുട്ടികളെ സഹായിക്കാൻ പ്രദേശത്തെ വിരമിച്ച അധ്യാപകരുടെയും സാമൂഹിക പ്രവർത്തകരുടെയും സേവനം സ്‌കൂളുകൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ പുതുനഗരം സെൻട്രൽ ഗവ എൽ.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. താഴെതട്ടിലുള്ള വിദ്യാർത്ഥികൾക്ക് മികച്ച വിജയം ഒരുക്കാൻ കഴിയുന്നതാവണം വിദ്യാഭ്യാസ പ്രവർത്തനം. വൈകുന്നേരങ്ങളിൽ ഭക്ഷണം കിട്ടാത്ത കുട്ടികളുണ്ടെങ്കിൽ അവരെ കണ്ടെത്തി സഹായമെത്തിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ചരിത്ര നേട്ടമാണ് സർക്കാറിന്റേത്. കുട്ടികൾക്ക് ലാപ്ടോപ് ഉൾപ്പെടെയുള്ള പഠന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടത്തുന്ന പദ്ധതികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ശശികല അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ വി. ബാബു, എം.എ ഗണേശൻ, കെ.ശിവരാമൻ, ശരണ്യ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഫിറോസ്,സ്‌കൂൾ പ്രധാന അധ്യാപിക എന്നിവർ, സംസാരിച്ചു. 39 ലക്ഷംരൂപ ചിലവിൽ സ്‌കൂളിന്റെ മുകൾനിലയാണ് പണി പൂർത്തീകരിച്ചത്.
- Log in to post comments