മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ വളര്‍ച്ചയിലൂടെ സാധ്യമാക്കും: മുഖ്യമന്ത്രി
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിതരണം ചെയ്തത് 104 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ -
56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ നിന്നായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള 56 സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു. ജില്ലയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നാല് തീരദേശ സ്‌കൂളുകളും ഇതില്‍ ഉള്‍പ്പെടും. ചടങ്ങില്‍ ജെ.മേഴ്സി കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ആദ്യഘട്ടത്തില്‍ 64 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ആധുനിക ലൈബ്രറി, മികച്ച ലാബ്, സ്റ്റാഫ് മുറി, ശുചി മുറി, എന്നിവയെല്ലാം നിര്‍മിക്കും. 22546 വിദ്യാര്‍ഥികള്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നോക്കാവസ്ഥക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഇവ കണക്കിലെടുത്താണ് ഓരോ പദ്ധതിയും വിഭാവനം ചെയ്തിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും മത്സരപരീക്ഷകള്‍ക്കായി പ്രാപ്തരാക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികള്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഫലമായി 34 വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചു. 62 വിദ്യാര്‍ത്ഥികള്‍ക്ക മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കാനിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ കുടിശ്ശിക 18 കോടി രൂപ പൂര്‍ണ്ണമായി വിതരണം ചെയ്യുകയും കൂടാതെ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 104 കോടി രൂപ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തു. ഇവ സമയബന്ധിതവും സുതാര്യവുമായി നടപ്പിലാക്കാന്‍ ഇഗ്രാന്‍സ് പദ്ധതി നടപ്പിലാക്കി.
ബേപ്പൂര്‍, കണ്ണൂര്‍, താനൂര്‍, വലിയതുറ എന്നിവിടങ്ങളിലെ ഫിഷറീസ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തീരദേശത്തെ മറ്റ് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 40 കോടി രൂപ ചെലവഴിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ കായികാഭിരുചി വളര്‍ത്തുന്നതിന് തീരദേശ സ്‌കൂളുകളില്‍ സ്പോര്‍ട്സ് കിറ്റും അഞ്ച് സ്ഥലങ്ങളില്‍ മികച്ച ഗ്രൗണ്ടും അനുവദിച്ചു. 14 സ്‌കൂളുകളില്‍ സ്പെഷ്യലൈസ്ഡ് കോച്ച്മാരെ നിയമിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട 2000 വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളിലേക്ക് പോകാനായി സൈക്കിള്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിരന്തരം കടലാക്രമണം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മറ്റ് തീരദേശവാസികളെയും സംരക്ഷിക്കുന്നതിനുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുനര്‍ഗേഹം എന്ന പേരില്‍ പദ്ധതി നടപ്പാക്കി. പുനര്‍ഗേഹം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ ഇതിനകം 3062 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിരവധി പദ്ധതികള്‍, ലൈഫ് മിഷന്‍ മുഖേനയുള്ള പദ്ധതി തുടങ്ങി മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായി വരുന്ന ഭവന പദ്ധതികള്‍ തികഞ്ഞ ലക്ഷ്യബോധത്തോടെയാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ ഭവന പദ്ധതി ലക്ഷ്യം കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഡോ ടി.എം തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് ,കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, കെ.ടി ജലീല്‍, കെ.ദാസന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നാല് സ്‌കൂളുകളുടെയും ഉദ്ഘാടന പരിപാടികള്‍ ആന്തട്ട ഗവ.യു.പി.സ്‌കൂളില്‍ നടന്നു. ആന്തട്ട ജി.യു.പി.സ്‌കൂളിന് 92.80 ലക്ഷം രൂപ, കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂളിന് 63.83 ലക്ഷം, കോരപ്പുഴ ജി.എഫ്.എല്‍.പി സ്‌കൂളിന് 67.57 ലക്ഷം, പയ്യോളി ജി.എഫ്.എല്‍.പി സ്‌കൂളിന് 60.80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആന്തട്ട സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പയ്യോളി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ടി.ഉഷ, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍, ചെങ്ങോട്ടുകാവ് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, ചേമഞ്ചേരി പ്രസിഡന്റ് അശോകന്‍ കോട്ട്, ഡി.ഇ.ഒ സി.കെ വാസു, എ.ഇ.ഒ വി.പി സുധ പ്രധാനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments