Skip to main content

ചെക്പോസ്റ്റുകളിലും ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കും: മന്ത്രി എ.കെ.ബാലന്‍

 

ചെക്പോസ്റ്റ് കടക്കാന്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം 

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഏഴു ചെക്പോസ്റ്റുകളിലും 22 ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. 

വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവല്ലൊവരും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ലോക്ക് ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാസ് നിര്‍ത്തലാക്കിയത്. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാളയാര്‍ ചെക്പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.

പാസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഊടുവഴികളിലൂടെ നിരവധി പേര്‍ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ജില്ലയിലെ എല്ലാ ഊടുവഴികളിലും ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ക്വാറന്റൈന്‍ ഗൗരവത്തോടെ കാണണം; ലംഘനം സമ്പര്‍ക്ക -സമൂഹവ്യാപനത്തിന് ഇടയാക്കും

ജില്ലയില്‍ പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചു വന്നവരുമടക്കം 11271 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സമ്പര്‍ക്ക-സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. നിരീക്ഷണത്തിലിരിക്കുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ്തല കമ്മിറ്റികളും പഞ്ചായത്ത് തല കമ്മിറ്റികളും പരിശോധിക്കും. ക്വാറന്റെന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി എടുക്കും.

പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീട്ടുകാരും ഇതില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യമായി പുറത്തിറങ്ങുകയോ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യരുത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റം ഉണ്ടാകുന്നുണ്ട്. അവരെ ഒറ്റപ്പെടുത്തുകയും വീടാക്രമണം, ഊരുവിലക്കുകയും ചെയ്യുന്നതിനെതിരെ വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റിയും പഞ്ചായത്ത് തല കമ്മിറ്റിയും വെളന്റിയര്‍മാരും ഇടപെട്ട് ബോധവത്ക്കരണം നടത്തും. രോഗികളല്ല, രോഗമാണ് വെല്ലുവിളിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ച് തിരിച്ചെടുക്കാം

ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന്റെ ഭാഗമായി എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം 8813 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഓര്‍ഡിനന്‍സ് ആക്്ട് പ്രകാരം ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിശ്ചിത പിഴയടച്ച് തിരിച്ചടുക്കാം.
കോവിഡ്-19 ന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായ കൂട്ടംചേരല്‍, ഒരുമിച്ചുള്ള നടത്തം, ഇടപെടല്‍ എന്നിവ പോലീസ് കര്‍ശനമായി നിയന്ത്രിക്കും. ദുരന്തവനിവാരണ ആക്ടിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. എക്സൈസിന്റെ പരിശോധനയില്‍ അട്ടപ്പാടി മേഖലയില്‍ വാഷ് പിടിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ മേഖലയില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

തുടര്‍ന്നും ലോക് ഡൗണ്‍ പ്രായോഗികമല്ല;
ശാരീരിക അകലം, കൈകഴുകല്‍, മാസ്‌ക്ക് ധരിക്കല്‍ കര്‍ശനമായി പാലിക്കണം

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ഒട്ടേറെ പേര്‍ എത്തുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ശാരീരിക അകലം, കൈകഴുകല്‍, മാസ്‌ക്ക് ധരിക്കല്‍ കര്‍ശനമായി പാലിക്കണം. ഇനിയൊരു ലോക് ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുജനങ്ങള്‍ സഹകരിക്കണം. ഒരേസമയം ജീവനോപാധികള്‍ സംരക്ഷിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥതലത്തിലുള്ളവരെ താഴ്ത്തിക്കെട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

വ്യാപനമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജം 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമൂഹവ്യാപനമുണ്ടായാല്‍ നേരിടാന്‍ സജ്ജീകരണങ്ങള്‍ ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നിലവില്‍ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ.മെഡിക്കല്‍ കോളെജും മാങ്ങോട് കേരള മെഡിക്കല്‍ കോളെജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ ഐ.സി.യു, ഒമ്പത് വെന്റിലേറ്റര്‍ എന്നിവയുണ്ട്. ഇതിന് പുറമെ 40 വെന്റിലേറ്ററുകള്‍ക്ക് അനുമതി ലഭിച്ചതില്‍ അഞ്ചെണ്ണം എത്തി.

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ കണ്ടെത്തിയ കെട്ടിടവും അടുത്ത ഘട്ടത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി സജ്ജമാക്കും. രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യം നേരിടാന്‍ കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. കൂടാതെ, ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ആരോഗ്യ വകുപ്പില്‍ 500 ഓളം ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ 40 ഓളം പേര്‍ ജോലിയില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെ മൂന്ന് ഘട്ടങ്ങളിലായി നിയമിക്കും. 5000 ഓളം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

നിലവില്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങളെല്ലാം ആവശ്യത്തിന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. 18000 ഓളം പി.പി.ഇ കിറ്റുകള്‍, 38980 ത്രീ ലെയര്‍ മാസ്‌കുകള്‍, 11966 എന്‍ 95 മാസ്‌കുകള്‍, സ്രവ പരിശോധനയ്ക്കായി 4000 ഓളം ഉപകരണങ്ങളും ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ട്.

പി.സി.ആര്‍ ടെസ്റ്റിലൂടെ സാമ്പിള്‍ പരിശോധന ദ്രുതഗതിയില്‍ നടക്കുന്നു

പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ പി.സി.ആര്‍ ടെസ്റ്റ് ആരംഭിച്ചതോടെ സാമ്പിള്‍ പരിശോധനയുടെ വേഗത വര്‍ധിച്ചതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രതിദിനം ഏകദേശം 400 സാമ്പിളുകള്‍ പരിശോധനയ്ക്കായി ജില്ലയില്‍ നിന്ന് അയക്കുന്നുണ്ട്. മെഡിക്കല്‍ കോളെജില്‍ ശരാശരി 600 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യമുള്ളതായും ഇതിനു പുറമെ തൃശൂര്‍ മെഡിക്കല്‍ കോളെജിലും ആലപ്പുഴ എന്‍.ഐ.വി.യിലും സ്രവം പരിശോധനയ്ക്ക് അയക്കുന്നതായും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്ക് 250575 ഭക്ഷ്യ-പലവ്യജ്ഞന കിറ്റ് നല്‍കും

ജില്ലയിലെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 250575 ഭക്ഷ്യ-പലവ്യജ്ഞന കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രീ-പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കായി യഥാക്രമം 1.2, നാല്, ആറ് കിലോ അരിയും ഒമ്പത് ഇന പലവ്യജ്ഞനങ്ങളുമടങ്ങിയ കിറ്റുകളുടെ വിതരണം ഈ ആഴ്ച ആരംഭിക്കും. കൂടാതെ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് റേഷനും ഭക്ഷ്യകിറ്റും വിതരണം ചെയതതായും നിലവില്‍ ജില്ലയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ സുഭിക്ഷമായി സുഭിക്ഷ കേരളം പദ്ധതി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതിക്കായി ജില്ലയില്‍ 1486 ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 469 ഹെക്ടറില്‍ ഒന്നാംവിള തുടങ്ങി. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, പയറ്, ചെറുധാന്യങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുക. 138.8 ഹെക്ടറും നെല്‍കൃഷിയാണ്. കൃഷി വകുപ്പിന് പുറമെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സര്‍വീസ് സംഘടനകള്‍, വര്‍ഗബഹുജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പദ്ധതിക്കായി 1434.7 ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ ഭക്ഷ്യവസ്തുകള്‍ ഉത്പ്പാദിപ്പിക്കുന്ന പ്രവൃത്തിയില്‍ ജില്ല ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ നടത്തുന്ന കൃഷിയുടെ വിളവെടുപ്പ് വിപണിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഭരണ, വിതരണ വിപണി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ യോഗം ആറിന്

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കനത്ത മഴ, സാംക്രമിക രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത മുന്നില്‍കണ്ട് ശുചിത്വം, മാലിന്യസംസ്‌ക്കരണം എന്നിവ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് രാവിലെ 11 ന് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഓണ്‍ലൈനായി ചേരും.

അതിഥി തൊഴിലാളികള്‍ക്കായി തൊഴിലുടമകള്‍ ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കണം

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി അതത് തൊഴിലുടമകള്‍ ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കണമെന്നും വീടുകളില്‍ തീരെ സൗകര്യമില്ലാത്തവരുടെ സ്ഥിതി പരിശോധിച്ച് സര്‍ക്കാര്‍ ഇന്‍സ്റ്റിട്ട്യൂഷനല്‍ ക്വാറന്റൈന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആര്‍.പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

date