Skip to main content

ആരോഗ്യബോധവത്കരണത്തിന് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

 

ആരോഗ്യബോധവത്കരണത്തിന് മാധ്യമങ്ങള്‍ കുറച്ചുകൂടി പ്രാധാന്യം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. ആരോഗ്യ പ്രശ്‌നങ്ങളിലും ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട.് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രാദേശിക പത്രലേഖകര്‍ക്കായി നടത്തിയ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ പുതുപ്രവണതകളെക്കുറിച്ച് ശില്പശാല ചര്‍ച്ച ചെയ്തു. തലക്കെട്ടുകള്‍ക്കപ്പുറം ജനക്ഷേമം മുന്‍നിറുത്തി ആകണം ആരോഗ്യവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകളുടെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പു വരുത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കണം. ശാസ്ത്രീയത വിലയിരുത്തി ആരോഗ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ശ്രമിക്കണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഐ ഐ എം സി റീജണല്‍ ഡയറക്ടര്‍ ഡോ.എസ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ദക്ഷിണമേഖലാ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജോയീസ് റസിഡന്‍സിയില്‍ നടന്ന ശില്പശാലയില്‍  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ,് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു. പകര്‍ച്ചവ്യാധികള്‍, ജീവിതശൈലിരോഗങ്ങള്‍, രോഗവിവരം റിപ്പോര്‍ട്ടു ചെയ്യുന്നതിലെ മുന്‍വിധികള്‍, ആരോഗ്യ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവക്കു പുറമെ വാക്‌സിനേഷന്‍, രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിച്ചു. യൂണിസെഫ് കണ്‍സല്‍ട്ടന്റ് ഡോ. ജി.ആര്‍ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. എന്‍ വിദ്യാധരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഐ ഐ എം സി അസി. പ്രൊഫസര്‍ ദീപു ജോയ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 

                                                     (കെ.ഐ.ഒ.പി.ആര്‍-482/18)        

date