Skip to main content

പദ്ധതി രൂപീകരണ-നിര്‍വഹണ പ്രക്രിയകളില്‍ യുവജനങ്ങള്‍ സജീവമാകണം: ജില്ലാ കളക്ടര്‍ 

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും യുവജനങ്ങള്‍ സജീവമായി ഇടപെടേണ്ടതുണ്ടെന്ന് ജില്ലാ കളക് ടര്‍ ആര്‍ ഗിരിജ പറഞ്ഞു. യുവജന ക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികളുടെ യോഗം കളക്ട്രേറ്റ് സമ്മേളനഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. വികസന പദ്ധതികളില്‍ യുവജനതയുടെ ആശയും അഭിലാഷങ്ങളും നിറവേറ്റപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. യുവാക്കള്‍ക്ക് പരാതികള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. ന്യായമാണെങ്കില്‍ അത്തരം പരാതികള്‍ക്ക് പരിഹാരമുണ്ടാവും. എല്ലാ നല്ല പ്രവര്‍ത്തികളുടെയും വിളനിലമാവാന്‍ യുവാക്കളുടെ കൂട്ടായ്മകള്‍ക്ക് സാധിക്കും. പ്ലാസ്റ്റിക് നിരോധനം, നീര്‍ത്തട സംരക്ഷണം, നിര്‍ധനരുടെ ഭവന നിര്‍മാണം, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി തുടങ്ങി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ പദ്ധതികള്‍ക്കും ചാലക ശക്തികളാകാന്‍ യുവജനങ്ങള്‍ക്ക് കഴിയുമെന്നും ജില്ലാ കളക് ടര്‍ പറഞ്ഞു. 
    യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ജനകീയാസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ. വാസു, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. ആര്‍. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.                 (പിഎന്‍പി 561/18)

date