നേട്ടങ്ങളുടെ നിറവില്‍ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം
ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തമായതോടെ രോഗീസൗഹൃദമായ അന്തരീക്ഷവും സംസ്ഥാനത്തുണ്ടായി. കേരളത്തിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് കണ്ണാടിപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനവും മികച്ച രീതിയില്‍ നടന്നുവരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ നിലവിലെ ഭരണ സമിതി വന്നതിനു ശേഷം 17 ലക്ഷം രൂപ ചെലവില്‍ ഇമ്മ്യൂണൈസേഷന്‍ ബ്ലോക്ക് പണിയുകയും പഴയ കെട്ടിടം അറ്റകുറ്റ പണി ചെയ്തു മോടി കൂട്ടുകയും ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവിന് നാട്ടിന്‍പുറത്തെ ഈ ആശുപത്രിക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും ലഭിച്ചു. മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കയകല്പ അവാര്‍ഡും ആശുപത്രിയെ തേടിയെത്തി. ആളുകള്‍ കൂടുതലായി എത്തിയതോടെ സൗകര്യങ്ങള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി 19 ലക്ഷം രൂപ മുടക്കി പുതിയ ഒ.പി. ബ്ലോക്ക് നിര്‍മ്മാണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ കെ.എ.എസ്.എച്ച് അക്രഡിറ്റേഷനും ലഭിച്ചു.
നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഒരു ഡോക്ടറെയും ഒരു സ്റ്റാഫ് നഴ്സിനെയും പഞ്ചായത്ത് നിയമിച്ചു. ഒ. പി പ്രവര്‍ത്തനം വൈകുന്നേരം വരെ നീട്ടി. ലാബുകളിലെ ഉയര്‍ന്ന ടെസ്റ്റിംഗ് ചാര്‍ജ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇവിടെ ലാബ് തുടങ്ങി. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേനയാണ് ലാബ് ടെക്നിഷ്യനെ നിയമിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി. ജില്ലയില്‍ ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു ഓപ്പണ്‍ ജിം പ്രവര്‍ത്തനമാരംഭിക്കുന്നു എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിന് അവകാശപ്പെട്ടതാണ്. ശക്തമായ പാലിയേറ്റിവ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടപ്പിലായ രോഗികള്‍ക്കും മാരക രോഗബാധിതര്‍ക്കും വില കൂടിയ മരുന്നുകള്‍ നല്‍കുന്നതിനായി പ്രത്യേക നിധി രൂപീകരിച്ചു. ബഹുജനങ്ങളില്‍ നിന്ന് ആറ് ലക്ഷം രൂപ ഇതിനായി സമാഹരിച്ചു. ഇതിനു പുറമെ പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍, മഴക്കെടുതി, മറ്റ് പ്രയാസങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിന് മറ്റൊരു ദുരിതാശ്വാസ നിധിയുമുണ്ട്. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് അനുകരണീയമായ മാതൃക തീര്‍ക്കുകയാണ് ഈ കുടുംബാരോഗ്യ കേന്ദ്രം.
- Log in to post comments