Skip to main content

ആവണി അവിട്ടം, ബക്രീദ് -കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

 

കോവിഡ് 19 രോഗ വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ബക്രീദ്, ഓഗസ്റ്റ് മൂന്ന്, നാല്  തീയതികളില്‍ നടക്കുന്ന ആവണി അവിട്ടം എന്നിവ ആചരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടക്കന്തറ ബ്രാഹ്മണസഭയുടെഅപേക്ഷയുടെയും ഇന്ന് (ജൂലൈ 31) നടക്കുന്ന ബക്രീദ് ആചരണത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന കണക്കില്‍  പരമാവധി  100 വിശ്വാസികളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് പ്രാര്‍ത്ഥന/ നമസ്‌കാരം/ പൂജ എന്നിവ നടത്തണം

2. വ്യക്തികള്‍ തമ്മില്‍  2 മീറ്റര്‍ അകലം പാലിക്കണം.

3. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രാര്‍ത്ഥന/ നമസ്‌കാരം/ പൂജ എന്നിവ ആരംഭിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്തിരിക്കണം.

4. പള്ളികളില്‍ സമൂഹ പ്രാര്‍ത്ഥനയ്ക്ക്(നിസ്‌കാരത്തിന്) എത്തുന്ന വിശ്വാസികളുടെ എണ്ണം സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി പരിമിതപ്പെടുത്തണം.

5. ബലികര്‍മ്മങ്ങള്‍ വീടുകളില്‍ മാത്രം നടത്തുക

6. കര്‍ബാനി/ ബലി കര്‍മങ്ങളില്‍ കൃത്യമായ സാമൂഹിക അകലം,  ശരിയായ രീതിയിലുള്ള സാനിറ്റൈസേഷന്‍ എന്നിവ പാലിക്കേണ്ടതാണ്.

7. വീടുകളില്‍ ബലികര്‍മ്മം നടത്തുന്ന സന്ദര്‍ഭങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍കര്‍ശനമായി പാലിക്കണം.  അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത്.

8. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ മാംസം വീടുകളില്‍ വിതരണം ചെയ്യാവൂ,  ഇത്തരത്തില്‍ മാംസം വിതരണം നടത്തുമ്പോള്‍ എത്ര വീടുകളില്‍ സന്ദര്‍ശനം നടത്തി എന്നും എത്ര പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നുമുള്ള  വിവരങ്ങള്‍ വിതരണം ചെയ്യുന്ന വ്യക്തി രേഖപ്പെടുത്തി സൂക്ഷിക്കണം.  ഈ സന്ദര്‍ഭങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കേണ്ടതാണ്.

9.  14 ദിവസത്തിനിടെ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,  മറ്റു കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ സമൂഹ പ്രാര്‍ത്ഥനയ്‌ക്കോ,  മറ്റു ചടങ്ങുകള്‍ക്കോ  പങ്കെടുക്കരുത്.

10. ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളവര്‍ യാതൊരുകാരണവശാലും വീടിനകത്തും പുറത്തുമുള്ള ഒരു ആചാരങ്ങളിലും പങ്കെടുക്കരുത്. കണ്ടെയിന്‍മെന്റ് സോണുകളില്‍മേല്‍ പ്രവര്‍ത്തികളെല്ലാം നിരോധിച്ചിരിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date