അട്ടപ്പാടിയിൽ മഴക്കെടുതി വിലയിരുത്തുന്നതിനായി യോഗം ചേർന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അട്ടപ്പാടി മേഖലയിലെ ശക്തമായ മഴയിലുണ്ടായ നാശനഷ്ങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ അഗളി മിനി സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
അട്ടപ്പാടി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കെ.എസ്.ഇ.ബി 33 കെ.വി. വൈദ്യുതിലൈൻ തകർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ തുടർന്നു വരുന്നതായും യോഗത്തിൽ അറിയിച്ചു. വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മൂന്ന് ദിവസത്തിനകം പൂർണമായും വൈദ്യുതി പുനസ്ഥാപിക്കാനാവുമെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു. കോയമ്പത്തൂർ - ആനക്കട്ടി വഴി വൈദ്യുതി എടുക്കുന്നതിന് പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനും ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലം കണ്ടെത്തി കലക്ടർക്ക് റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാനിച്ചു.
ഒറ്റപ്പെട്ട് കഴിയുന്ന മേലെ ഭൂതയാർ, ഇടവാണി മേഖലാ നിവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ അറിയിച്ചു. നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ ഈ പ്രദേശങ്ങളിലില്ല. നിലവിൽ അട്ടപ്പാടി മേഖലയിലെ ഷോളയൂരിലാണ് ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും മേഖലയിൽ ഒരുക്കിയിട്ടുണ്ട്.
അട്ടപ്പാടിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധന തുടരുമെന്നും നോഡൽ ഓഫീസർ യോഗത്തിൽ അറിയിച്ചു.
അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലും അതത് പഞ്ചായത്തുകളുടെ ഫോൺ നമ്പറുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സേവനം ലഭ്യമാക്കാനും മേഖലയിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മറിച്ചു മാറ്റാനും നിർദേശം നൽകിയതായി അട്ടപ്പാടി നോഡൽ ഓഫീസർ അറിയിച്ചു.
പാലക്കാട് അസിസ്റ്റന്റ് കലക്ടർ ധർമ്മലശ്രീ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ വാണിദാസ്, അട്ടപ്പാടി മെഡിക്കൽ ഓഫീസർ ഡോ. പ്രഭുദാസ്, കെ.എസ്. ഇ.ബി, പോലീസ്, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments