ജില്ലയിൽ 14 പ്രശ്ന സാധ്യത മേഖലകൾ; അട്ടപ്പാടിയിൽ ഇൻസിഡെന്റൽ കമാൻഡറെ നിയോഗിച്ചു
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിൽ 14 പ്രശ്ന സാധ്യത മേഖലകളാണ് പാലക്കാട് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 327 കുടുംബങ്ങളാണ് ഉള്ളത്.
പുറമെ, ജില്ലയിൽ കൂടുതൽ പ്രശ്നസാധ്യത മേഖലയായി വിലയിരുത്തപ്പെട്ട അട്ടപ്പാടിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിലയിരുത്താനും മണ്ണാർക്കാട് ഡി.എഫ്.ഒ കെ. സുനിൽ കുമാറിനെ ദുരന്തനിവാരണ നിയമപ്രകാരം ഇൻസിഡെന്റ് കമാൻഡറായി ജില്ലാ കലക്ടർ ഡി. ബാലമുരളി നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ വീടുകൾക്കും അപ്പ്രോച്ച് റോഡുകൾക്കും വൈദ്യുതി ലൈനുകൾക്കും തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ താമസിച്ച് അടിയന്തര സാഹചര്യമുണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കാനും ജില്ലാ കളക്ടർ മണ്ണാർക്കാട് ഡി.എഫ്.ഒ.യ്ക്ക് നിർദ്ദേശം നൽകി. പോലീസ്, റവന്യൂ, ആരോഗ്യം, പിഡബ്ല്യുഡി, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, പട്ടികജാതി, പട്ടികവർഗം, എൽ എസ് ജി ഡി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ ഇൻസിഡന്റ് കമാൻഡറുടെ നിർദ്ദേശപ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും നിർദേശമുണ്ട്.കൂടാതെ, മഴ കനക്കുന്ന സാഹചര്യത്തിൽ ആശയവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ, ശിരുവാണി പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ഉപയോഗിക്കുന്ന സാറ്റ്ലൈറ്റ് ഫോൺ ഇൻസിഡെന്റൽ കമാൻഡർക്ക് കൈമാറാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
- Log in to post comments