Skip to main content

കേരള സര്‍ക്കാരിന്റെ  കോവിഡ് പ്രതിരോധ ആപ്പ് ജിഒകെ ഡയറക്ട് (Gok Diretc) നിര്‍മിച്ച കോഴിക്കോട് സ്റ്റാര്‍ട്ടപ്പിന് അന്താരാഷ്ട്ര അംഗീകാരം

 

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ജിഒകെ ഡയറക്ട് (Gok Diretc)  മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്ത ക്യൂകോപ്പി (Qkopy) എന്ന കേരള സ്റ്റാര്‍ട്ടപ്പ്‌ന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചു.

 

ആപ് സമുറായ് ഇന്‍കോര്‍പറേഷന്‍ യു.എസ്.എ എന്ന  മൊബൈല്‍ ടെക് കമ്പനിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ വെച്ച് നടന്ന ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ടെക്‌നോളജി ആപ്പുകളുടെ തിരഞ്ഞെടുപ്പില്‍ 'ജിഒകെ ഡയറക്ട്' ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ച ഏക കോവിഡ് പ്രതിരോധ ആപ്പും ഇതുതന്നെയാണ്.

 

നിപ, പ്രളയ കാലത്ത് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന ക്യൂകോപി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് 'ജിഒകെ ഡയറക്ട്' ആപ്പും തയ്യാറാക്കിയത്. ദുരന്ത മുഖത്ത് സംസ്ഥാനത്തിന് കൈത്താങ്ങായി നിന്നതിന് സംസ്ഥാന ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ക്യൂകോപ്പി. സര്‍ക്കാരില്‍ നിന്നും നേരിട്ടുള്ള ആശയ വിനിമയം എളുപ്പമാക്കുന്ന വ്യത്യസ്തമായ ടെക്‌നോളജിയാണിതെന്നും  ഈ ആപ്പ് കോവിഡ് സമയത്തു ലോകത്തിനു മാതൃകയാണെന്നും പുരസ്‌കാരം തീരുമാനിച്ച അമേരിക്കയിലുള്ള വിദഗ്ധ സമിതി വിലയിരുത്തി. കോവിഡ് സമയത്ത് സര്‍ക്കാരിനൊപ്പം തന്നെ പ്രവര്‍ത്തിച്ചു എല്ലാ ഡിജിറ്റല്‍ സപ്പോര്‍ട്ടുകളും നല്‍കിവരുന്ന സ്റ്റാര്‍ട്ടപ്പും കൂടിയാണ് ക്യൂകോപ്പി.

 

കോവിഡ്-19 ബോധവല്‍കരണത്തിനും വ്യാജവാര്‍ത്തകള്‍ തടയുന്നതിനും യഥാര്‍ഥ വാര്‍ത്തകളൂം അറിയിപ്പുകളും തത്സമയം ജനങ്ങളിലേക്കെത്തിക്കുന്നതിനുമായി നൂതന സംവിധാനം ഒരുക്കിയതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച്   'ജിഒകെ ഡയറക്ട്' മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മാര്‍ച്ച് 12ന് തിരുവനന്തപുരത്ത് ആപ്പ് പ്രകാശനം ചെയ്തത്. ഇപ്പോള്‍ കേരളത്തിലെ ഓരോ ജില്ലകളിലെ പ്രത്യേക അറിയിപ്പുകളും പ്രദേശങ്ങള്‍ക്കനുസരിച്ചുള്ള സന്ദേശങ്ങളും ആപ്പിലൂടെ  ലഭ്യമാക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്, ട്രാഫിക് പോലീസ്, ലൈഫ് മിഷന്‍ തുടങ്ങിയ ഡിപ്പാര്‍ട്മെന്റുകളും 'ജിഒകെ ഡയറക്ടി'ലൂടെ അറിയിപ്പുകള്‍ ലഭ്യമാക്കുന്നു.

 

സ്വകാര്യതക്ക് പ്രാധാന്യം കൊടുത്തുള്ള ബ്രോഡ്കാസ്റ്റിംഗ് ടെക്‌നോളജിയാണ് ക്യൂകോപ്പി മുന്നോട്ട് വെച്ച ആശയം. കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യൂകോപി സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ അരുണ്‍ പെരൂളിയാണ്. രാജീവ് സുരേന്ദ്രന്‍, രാഹുല്‍ കെ.സി എന്നിവരാണ് സഹസ്ഥാപകര്‍. http://Qkopy.xyz/gokdirect  എന്ന ലിങ്കിലൂടെ 'ജിഒകെ ഡയറക്ട്' പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 

 

date