Skip to main content

പട്ടാമ്പിയിലെ പ്രളയസാധ്യത പ്രദേശങ്ങൾ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു 

 

പട്ടാമ്പി മണ്ഡലത്തിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി സാരമായ നാശനഷ്ടങ്ങൾ സംഭവിച്ച വിളയൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ്  സന്ദർശിച്ചത്.
 
കഴിഞ്ഞ പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച തുടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിൽ പ്രളയ സാദ്ധ്യത മുന്നിൽ കണ്ട് മോട്ടോറുകൾ അടക്കമുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നിലവിൽ മണ്ഡലത്തിൽ എവിടെയും അപകടകരമായ അവസ്ഥ ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ അറിയിച്ചു.

മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന്‌ ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. 

പ്രളയത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകൾ മണ്ഡലത്തിൽ സജ്ജമാണെങ്കിലും  ആരെയും ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.   പല വീടുകളിൽ നിന്നും ആളുകൾ  കുടുംബ വീടുകളിലേക്ക് മറ്റും മാറിയിട്ടുണ്ട്.

ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യയുടെ നേതൃത്വത്തിൽ പട്ടാമ്പി തഹസിൽദാർ, മറ്റു റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും എം.എൽ.എ അറിയിച്ചു. 
 

date