Skip to main content

തമ്പലമണ്ണ 110 കെവി സബ് സ്റ്റേഷൻ തിങ്കളാഴ്ച്ച (ആഗസ്ത് 17) നാടിനു സമർപ്പിക്കും

 

വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി തമ്പലമണ്ണയിൽ പൂർത്തിയാക്കിയ 110 കെവി സബ് സ്റ്റേഷൻ തിങ്കളാഴ്ച്ച (ആഗസ്ത് 17) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. വൈകുന്നേരം 3 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പു മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. .ജോർജ് എം തോമസ് എം എൽ എ മുഖ്യാതിഥിയാകും.                 2009ൽ  എ കെ ബാലൻ വൈദ്യുതി വകുപ്പു മന്ത്രിയായിരിക്കെയാണ് തമ്പലമണ്ണയിൽ 33 കെ വി സബ് സ്റ്റേഷൻ ആരംഭിക്കുന്നത്.                     ഈ പദ്ധതിയുടെ ഭാഗമായി ഉറുമി, ചെമ്പുകടവ്, പതങ്കയം എന്നീ വൈദ്യുതി ഉൽപ്പാദന നിലയങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തടസ്സ രഹിതമായി പ്രസരണം ചെയ്യാനും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ വൈദ്യുതി കാര്യക്ഷമമായി വിതരണം ചെയ്യാനും സാധിക്കും. അഗസ്ത്യൻ മുഴി സബ് സ്റ്റേഷനിൽ സാങ്കേതിക തടസ്സങ്ങൾ വരുന്ന സന്ദർഭങ്ങളിൽ മുക്കം, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം ചെയ്യുന്നതിനും ഈ പദ്ധതി കൊണ്ടാവും.                അഗസ്ത്യൻ മുഴി സബ്സ്റ്റേഷനിൽ നിന്നും 11.4 കി.മീ ഭൂഗർഭ കേബിൾ വഴിയാണ് തമ്പലമണ്ണ 110 കെവി സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. ഭൂഗർഭ കേബിൾ വഴി വൈദ്യുതിയുടെ പ്രസരണം നടത്തുന്നതിനാൽ തടസ്സരഹിതമായും അപകടരഹിതമായും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഇത്ര ദൂരത്തിൽ ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതിയാണിത്. ഈ കേബിളുകൾ യോജിപ്പിക്കുന്നതിന് 22 ചേമ്പറുകളും റോഡിൻ്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്.                 2018ൽ ആരംഭിച്ച 33.25 കോടി രൂപയുടെ പദ്ധതി രണ്ടു പ്രളയങ്ങൾ, കോവിഡ് മഹാമാരി എന്നിവയെ തരണം ചെയ്ത് നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനായി എന്നത് സവിശേഷതയാണ്. ടേൺ കീ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായുള്ള പോളി ക്യാബ് എന്ന കമ്പനിയാണ് 27 കോടി രൂപ ചെലവഴിച്ച്  പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി മണ്ഡലത്തിൻ്റെ കാർഷിക, വ്യാവസായിക രംഗങ്ങളിൽ മുതൽക്കൂട്ടാവാൻ ഈ പദ്ധതിക്കാവും.

date