ശുചിത്വ പദവിയിൽ ജില്ലയിലെ ആദ്യ നഗരസഭയായി കൊയിലാണ്ടി
സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് കൊയിലാണ്ടി നഗരസഭ അർഹത നേടി. ഇതോടെ ജില്ലയിൽ ശുചിത്വ പദവി നേടിയ ആദ്യ നഗരസഭയായി കൊയിലാണ്ടി മാറി. നഗരസഭയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ കെ സത്യൻ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.
തുടര്‍ച്ചയായി നഗരസഭ കൈവരിക്കുന്ന അവാർഡുകൾ നഗരസഭയുടെ ശുചിത്വ മേഖലയിലുളള മികച്ച പ്രവര്‍ത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ചെയർമാൻ പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൺ വി.കെ പദ്മിനി അധ്യക്ഷത വഹിച്ചു.
17000 ത്തോളം വീടുകളും നിരവധി സ്ഥാപനങ്ങളുമുള്ള കൊയിലാണ്ടിയിൽ പ്രവർത്തന സജ്ജമായ ഹരിതകർമ്മ സേനയ്ക്ക് 85 % വീടുകളും സ്ഥാപനങ്ങളും യൂസർഫീ നൽകി കൊണ്ട് അജൈവ മാലിന്യങ്ങൾ സംസ്കരണത്തിന് കൈമാറുന്നുണ്ട്. കൊയിലാണ്ടി നഗരത്തിലെ കടകളിൽ നിന്നും ജൈവമാലിന്യം ശേഖരിച്ച് തുമ്പൂർമുഴിയിൽ
സംസ്കരിച്ച് വളമാക്കി വിപണനം നടത്തുകയും കൃഷി വകുപ്പ് മുഖേന കർഷക കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നു. "മണമില്ലാ മാലിന്യ സംസ്കരണം" കൊയിലാണ്ടി മോഡൽ ഏറെ വിജയകരമായ മാലിന്യ സംസ്കരണ പദ്ധതിയാണ്. നഗരസഭയിലെ 80 ശതമാനത്തിലേറെ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ അവ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു.
നഗരസഭയിലെ നിരത്തുകൾ മാലിന്യരഹിതമാക്കുകയും പൊതു ടോയ്ലറ്റുകൾ സ്ഥാപിക്കുകയും, ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും ചെയ്തു വരുന്നു. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടികളും കൈക്കൊണ്ടു.
സുസ്ഥിര സംവിധാനം എന്ന നിലയിൽ 100 അംഗങ്ങളുള്ള മികച്ച ഒരു ഹരിതകർമ്മ സേന രൂപീകരിക്കാനും നല്ല സംരംഭമായി വളർത്താനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ബദൽ നിർമ്മാണ യൂണിറ്റായ സഹയോഗും നഗരസഭയിൽ പ്രവർത്തിക്കുന്നു. വാർഡ് തലത്തിലും പ്രധാന സ്ഥലങ്ങളിലുമായി ബോട്ടിലുകൾ ശേഖരിക്കാനും വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ
താത്കാലികമായി ശേഖരിച്ചു വയ്ക്കാനും മിനി എംസിഎഫുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ്റെയും ശുചിത്വമിഷൻ്റെയും പിന്തുണയും സാങ്കേതിക സഹായവുമുണ്ട്.
നഗരസഭ സെക്രട്ടറി എൻ സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ കെ ഷിജു മാസ്റ്റർ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments