Skip to main content

വെള്ളയിൽ വാര്‍ഡ് 66 ൽ കർശന നിയന്ത്രണം

 

 

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളയിൽ വാര്‍ഡ് 66 അടിയന്തരമായി കൂടുതൽ കോവിഡ് ടെസ്റ്റ് നടത്താൻ ജില്ലാ കലക്ടർ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൂടുതൽ സമ്പർക്ക വ്യാപനമുണ്ടാകാതെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ഈ പ്രദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.  വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരിയെ നിയോഗിച്ചു.

കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെള്ളയിൽ ഫിഷിംഗ് ഹാർബറും തീരദേശ പ്രദേശത്തെക്കുള്ള റോഡുകളും അടച്ചു. തീരദേശ റോഡുകളിൽ നിന്നും വരുന്നവർ ഗാന്ധി റോഡിൽ നിന്നും  ഭട്ട് റോഡിൽ നിന്നും  തിരിഞ്ഞ് പോവേണ്ടതാണ്. കോവിഡ് ബാധിത പ്രദേശമായ വാർഡ് 66ൽ  നിന്നും യാതൊരു കാരണവശാലും പുറത്തേക്ക് പോവാനോ വാർഡിലേക്ക് പ്രവേശിക്കാനോ പാടില്ല.
പോലീസ്‌, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങി അവശ്യ സർവീസുകളെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാർഡിനെ 10 സോണുകളായി തിരിച്ചു. അവശ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ ഓരോ സോണിനും നാല്  പേരടങ്ങുന്ന ആർ ആർ ടി ടീമിൻ്റെ സേവനം ലഭ്യമാണ്.

വെള്ളയില്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഇന്ന് (ആഗസ്ത് 22)മുതല്‍ മുഴുവന്‍ വാര്‍ഡും പൂര്‍ണ്ണവും കര്‍ശനവുമായ ലോക്ക് ഡൗണിലാണ്.

പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകളും തുറക്കും. അവശ്യവസ്തുക്കള്‍ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും.

ഫിഷറീസ് സ്കൂളിൽ ചേർന്ന യോഗത്തിൽ , ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരി,അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആര്‍ആര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date