Skip to main content

ഏഴ് പഞ്ചായത്തുകളിൽ ഇനി സേവനം വിരൽത്തുമ്പിൽ

 

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബ ശിവറാവു നിര്‍വ്വഹിച്ചു. ഓമശ്ശേരി, ചേളന്നൂര്‍, തിരുവമ്പാടി, പെരുവയല്‍, മേപ്പയ്യൂര്‍, നടുവണ്ണൂര്‍, മൂടാടി എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ സോഫ്റ്റ്‌വെയര്‍ പ്രാബല്യത്തിൽ വരുന്നത്..  

ജനനമരണ, വിവാഹ രജിസ്‌ട്രേഷനുകള്‍, സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍, എംജിഎന്‍ആര്‍ഇജിഎസ് തുടങ്ങി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും നല്‍കുന്ന എല്ലാവിധ സേവനങ്ങള്‍ക്കും ഒരു സോഫ്റ്റ്‌വെയറിലൂടെ എവിടെ നിന്നും അപേക്ഷിക്കുന്നതിനും സേവനം ഓണ്‍ലൈനായി ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. മാവൂര്‍, കീഴരിയൂര്‍, അരിക്കുളം ഗ്രാമപഞ്ചായത്തുകളില്‍ ഒരാഴ്ചക്കകം ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും മുഴുവന്‍ സേവനങ്ങളും പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ഭരണസമിതി അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date