കോടഞ്ചേരി ഗവ. കോളേജിന് ആധുനിക ലൈബ്രറി ബ്ലോക്ക് ; പ്രവൃത്തി ഉദ്ഘാടനം 27 ന്
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് കീഴിലുള്ള കോടഞ്ചേരി ഗവ. കോളജ് മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായി കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം 27 ന് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജോർജ് എ തോമസ് എംഎൽഎ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും.
മൂന്ന് കോടി ചെലവഴിച്ച് മൂന്നു നിലകളിലായി 15917ചതുരശ്ര അടി വിസ്തീർണത്തിലാണ് ലൈബ്രറി ബ്ലോക്ക് നിർമ്മിക്കുന്നത്. പ്രോപ്പർട്ടി കൗണ്ടർ, ഓപ്പൺ റീഡിങ് റൂം, മിനി കോൺഫറൻസ് റൂം/ ഓഡിയോ വിഷ്വൽ റൂം, റിപ്പോഗ്രഫി, സെക്യൂരിറ്റി ഏരിയ ഡിജിറ്റൽ ലൈബ്രറി റൂം, പീരിയോഡിക്കൽ സെക്ഷൻ, സർക്കുലേഷൻ കൗണ്ടർ, റീഡിങ് റൂം സ്റ്റോക്ക് റൂം, ലൈബ്രേറിയൻ റൂം, പിജി സെക്ഷൻ എന്നിവയാണ് മൂന്നു നിലകളിലായി നിർമ്മിക്കുന്ന ബ്ലോക്കിൽ ഉണ്ടാവുക. അധ്യാപകർക്കും വിദ്യാർഥികൾക്കും ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പഠനത്തിനും റഫറൻസും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ പുതിയ ലൈബ്രറി ബ്ലോക്ക് നിർമാണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് ജോർജ് എം തോമസ് എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം ആണ് പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുക.
- Log in to post comments