സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മൃതികള്‍ ഉണര്‍ത്തി സ്മാരകം ഒരുങ്ങുന്നു
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് 1991 ഏപ്രില്‍ 18നു നടന്ന സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ സ്മരണയ്ക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സ്മാരകം ഒരുങ്ങുന്നു. ജില്ലാ സാക്ഷരതാ മിഷന്‍ കോണ്‍ഫറന്‍സ് ഹാളിന് 'സമ്പൂണ്ണ സാക്ഷരതാ പ്രഖ്യാപന സ്്മാരക ഹാള്‍' എന്ന് നാമകരണം ചെയ്യാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനിച്ചു. 1991 ലെ പ്രഖ്യാപനം സംബന്ധിച്ചും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള ഫോട്ടോകള്‍, ചരിത്ര രേഖകള്‍, പത്ര കട്ടിങ്ങുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ ഗാലറി ആരംഭിക്കാനും തീരുമാനിച്ചു.
ഫോട്ടോ ഗാലറിയിലേക്ക് 1991 പ്രഖ്യാപനവുമായി ബന്ധപ്പെട്ട രേഖകളും ഫോട്ടോകളും സമാഹരിക്കാന്‍ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് മത്സരം സംഘടിപ്പിക്കും. അപൂര്‍വ്വ രേഖകളും ഫോട്ടോകളും ശേഖരിച്ച് എത്തിക്കുന്നവരെ ജില്ലാതലത്തില്‍ ആദരിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക ് സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കും. സെപ്തംബര്‍ മാസത്തോടെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളിന്റെ നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാറിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുജാത മനയ്്ക്കല്‍, പ്രൊഫ.കെ. ശ്രീധരന്‍, പി.ജി.ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ബാബു, എം.ഡി.വത്സല, വിജയന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, അസി.പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശാസ്ത പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments