കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മപദ്ധതികളുമായി ഫിഷറീസ് വകുപ്പ്
തീരദേശമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആശ്വാസപ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിക്കാന്‍ ഫിഷറീസ് വകുപ്പും സന്നദ്ധമാകുന്നു. ജില്ലയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ചാലിയം മുതല്‍ അഴിയൂര്‍ പഞ്ചായത്തിലുള്ള അഴിയൂര്‍ മത്സ്യ ഗ്രാമമുള്‍പ്പെടെ 34 തീരദേശ മത്സ്യഗ്രാമങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണസംഘങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ കൗണ്‍സിലര്‍ അല്ലെങ്കില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി കമ്മറ്റികള്‍ രൂപീകരിക്കും. സഹകരണ സംഘങ്ങള്‍, മത്സ്യഭവന്‍ ഓഫീസര്‍, പ്രൊജക്ട് ഓഫീസര്‍മാര്‍, ഫിഷറീസ് ഓഫീസര്‍മാര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മകള്‍, ആര്‍. ആര്‍.ടി. മാര്‍, എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഫിഷറീസ് സഹകരണവിഭാഗം യൂണിറ്റ് ഇന്‍സ്പെക്ടര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കും.
ആര്‍.ആര്‍.ടി.യുമായി സഹകരിച്ച്് കോവിഡ് ബാധിതര്‍ക്കുള്ള തുടര്‍ ചികിത്സ, ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവയില്‍ ഭാഗമാകാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഫിഷറീസ് വകുപ്പിനും മത്സ്യഫെഡിനും മത്സ്യബോര്‍ഡിനും പ്രത്യേകം ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്. തീരദേശ എംഎല്‍എമാര്‍ രക്ഷാധികാരികളായുള്ള ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാതല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാറാണ്.
കോവിഡ് ആശ്വാസ പദ്ധതികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 12,885 കൂടുംബങ്ങള്‍ക്ക് 2,000 രൂപ വീതം വിതരണം ചെയ്തു. 5,741 അനുബന്ധത്തൊഴിലാളികള്‍ക്ക് 1,000 രൂപ വീതവും 17,206 രജിസ്േ്രടഡ് മത്സ്യത്തൊഴിലാളികള്‍ക്ക് 4,000 രൂപ സമ്പാദ്യ സമാശ്വാസ പദ്ധതിയിലും വിതരണം ചെയ്തിട്ടുണ്ട്. സൗജന്യ കിറ്റുവിതരണവും പൂര്‍ത്തിയായി വരുന്നു. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സപ്പോര്‍ട്ട് ഫിഷറീസ് ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (സപ്പോര്‍ട്ട് ഫിഷ്) എന്ന പദ്ധതിയെ സമൂഹം പിന്തുണക്കണമെന്ന് ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ജില്ലയില്‍ പൈലറ്റ് പ്രൊജക്ടായി ആരംഭിക്കുന്ന ഈ പദ്ധതി കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
- Log in to post comments