ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി'; ശുചിത്വ പദ്ധതിയിൽ വിജയം തീർത്ത് വില്ല്യാപ്പള്ളി പഞ്ചായത്ത്
'
മാലിന്യ സംസ്കരണം, ശുചിത്വ വൽക്കരണം എന്നിവക്ക് പ്രാധാന്യം നൽകുകയാണ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. നാട്ടിൽ കുമിഞ്ഞുകൂടുന്ന മാലിന്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് നടപ്പാക്കിയ 'ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി'പദ്ധതിയാണ് പഞ്ചായത്തിനെ ശുചിത്വ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാക്കുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വാർഡുതലത്തിലും അയൽക്കൂട്ടം തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപികരിച്ചുകൊണ്ടായിരുന്നു പ്രവർത്തനം. തുടക്കത്തിൽ 'അതിജീവനം വില്ല്യാപ്പള്ളി' എന്ന പേരിൽ ആരംഭിച്ച പദ്ധതി പിന്നീടാണ് 'ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി'യിലേക്ക് മാറ്റിയത്.
വടകര ഹരിയാലി ഹരിതസേന, ഹരിത കേരള മിഷൻ എന്നിവയുമായി സഹകരിച്ചാണ് നിലവിൽ 'ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി പദ്ധതി' നടന്നുവരുന്നത്.
19 അംഗങ്ങൾ അടങ്ങുന്ന ഒരു ഹരിത സേനയാണ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും മറ്റും വലിച്ചെറിയപ്പെടേണ്ടിയിരുന്ന ഏതാണ്ട് 70ടൺ മാലിന്യം പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തു.
വീടുകളിൽനിന്നും കടകളിൽ നിന്നും വൃത്തിയുള്ള പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ ശേഖരിക്കും. വീടുകളിൽ നിന്ന് 30 രൂപ, സ്ഥാപനങ്ങളിൽ നിന്ന് 50മുതൽ 100രൂപ വരെ യൂസർഫീ ഈടാക്കിയാണ് ശേഖരണം.
പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വില്ല്യാപ്പള്ളിക്ക് സമ്പൂർണ ശുചിത്വ പദവി ലഭിച്ചിരുന്നു.
മാലിന്യ പ്രശ്നങ്ങളില്ലാത്ത ആരോഗ്യകരമായ പ്രദേശം എന്ന ആശയമാണ് പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്നും പ്രസിഡന്റ് കെ.കെ. മോഹനൻ പറഞ്ഞു.
- Log in to post comments