Skip to main content

അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി ഐ.ടി.ഐ

 

 

ശിലാസ്ഥാപനം ഇന്ന് (ഞായർ)   മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും 

 

കൊയിലാണ്ടി ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന നാല് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു. വികസന പദ്ധതിയുടെ ശിലാസ്ഥാപനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഇന്ന് (ഞായർ) രാവിലെ 9.30ന് നിർവഹിക്കും. സംസ്ഥാന സർക്കാർ കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി കോഴിക്കോട് ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത ഏക ഐ.ടി.ഐ കൊയിലാണ്ടിയിലേതാണ്.

 

കുറുവങ്ങാട് വരകുന്നിൽ പ്രവർത്തിച്ചു വരുന്ന ഐടിഐയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നത്. പുതിയ അക്കാദമിക് ബ്ലോക്ക്, മെയിൻ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിൻ, കോമ്പൗണ്ട് വാൾ, റോഡ്, വര്‍ക്ക്ഷോപ്പുകളുടെ നവീകരണം, ഹൈടെക് ക്ലാസ്മുറികള്‍, ക്യാമ്പസ് സൗന്ദര്യവൽക്കരണം, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫർണീച്ചറുകൾ  തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള  കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ് )നാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

 

കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഹ്രസ്വ ചടങ്ങിൽ കെ. ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date