കോവിഡ് പ്രതിസന്ധിയിലും തലയുയര്‍ത്തി തലയാട് ആയുര്‍വേദ ആശുപത്രി
കേരളത്തിലെ ഐ.എസ്.ഒ.സര്‍ടിഫിക്കേഷന്‍ ലഭിച്ച ആദ്യ ഗവ.ആയുര്‍വേദ ആശുപത്രി
കോവിഡിന്റെ കാലത്തും രോഗീ സൗഹൃദമായ അന്തരീക്ഷത്തിൽ ആതുരു സേവന രംഗത്ത് മാതൃകയായി തലയാട് ഗവ.ആയുര്‍വേദ ആശുപത്രി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ ആതുരാലയത്തിന് വിശ്രമമില്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശുപത്രിയില്‍ നിന്നും മരുന്ന് എത്തിച്ച് നല്‍കുന്നു. രോഗികളുടെ വരവില്‍ കുറവ് സംഭവിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ മുഹമ്മദ് പറയുന്നു. കേരളത്തിലെ ആദ്യ ഐ.എസ്.ഒ.സര്‍ടിഫിക്കേഷന്‍ ലഭിച്ച ആയുര്‍വേദ ആശുപത്രിയാണിത്. ദൂര ദേശങ്ങളില്‍ നിന്നു പോലും രോഗികള്‍ ചികിത്സ തേടി ഇവിടെ എത്തുന്നു.ഇരുന്നൂറോളം ആളുകളാണ് ദിവസേന എത്തുന്നത്.
ഇരുപത് കിടക്കകളുള്ള ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും 10 പേരെ കിടത്താനുള്ള സൗകര്യം മാത്രമേ മുന്‍പ് ഇവിടെ ഉണ്ടായിരുന്നുള്ളു. നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം 10 രോഗികളെ കൂടി കിടത്തി ചികില്‍സിക്കാന്‍ പുതിയ ഐ.പി. ബ്ലോക്ക് നിര്‍മിച്ചു. ഓരോ വര്‍ഷവും മരുന്ന് വാങ്ങുന്നതിനു മാത്രം 15 ലക്ഷം രൂപയാണ് പഞ്ചായത്ത് നല്‍കുന്നത്. 75 ലക്ഷത്തിലധികം രൂപയാണ് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇവിടെ ചിലവഴിച്ചത്. പൊട്ടിപ്പൊളിഞ്ഞ് കാലപ്പഴക്കം ചെന്ന ആയുര്‍വേദ ആശുപത്രികളില്‍ നിന്ന് വിഭിന്നമായി മനോഹരമായ കെട്ടിട സൗകര്യങ്ങളാണ് ഇന്ന് തലയാട് ഗവ.ആയുര്‍വേദ ആശുപത്രിക്കുള്ളത്. ആശുപത്രിക്ക് മുന്‍പ് സ്വന്തമായി കുടിവെള്ള സംവിധാനം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് മുന്‍കൈ എടുത്ത് കിണറിനു വേണ്ടി സ്ഥലം വാങ്ങുകയും കിണര്‍, പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.
ജില്ലാപഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയുടെ ഭാഗമായി പഠനവൈകല്യമുള്ള കുട്ടികൾക്കായി ഒ.പി ചൊവ്വാഴ്ചകളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജീവിത ശൈലി രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവക്കായി പ്രത്യേക ഒ.പിയും ഉണ്ട്. തൈലവും കഷായവും നല്‍കി പറഞ്ഞു വിടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യവും അസുഖവും നന്നായി മനസ്സിലാക്കിയാണ് ചികിത്സ നടത്തുന്നത്. 30 നും 50 ന് ഇടക്ക് പ്രായമുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ അധികവും.
അഞ്ച് താല്‍കാലിക ജീവനക്കാര്‍ ഉള്‍പ്പടെ 19 ജീവനക്കാരാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാരാണ് ഉള്ളത്. 1990-91 കാലഘട്ടങ്ങളില്‍ ഡിസ്‌പെന്‍സറി എന്ന നിലക്കാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 10 വര്‍ഷം കഴിഞ്ഞാണ് ആശുപത്രി എന്നനിലയിലേക്ക് ഉയര്‍ത്തിയത്. ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വലിയൊരു ഉദാഹരണമാണ് തലയെടുപ്പോടെ നില്‍ക്കുന്ന ഈ ആയുര്‍വേദ ആശുപത്രി.
- Log in to post comments