കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് നാടിന് സമർപ്പിച്ചു
കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു.
വീഡിയോ കോൺഫറൻസ് മുഖേന അദ്ദേഹം റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള 30 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് മുഖേന 250ലേറെ നിർമ്മാണ പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 3,500 കോടി രൂപ ചെലവിലാണ് നിർമ്മാണങ്ങൾ പൂർത്തീകരിക്കുന്നതും ആരംഭിക്കുന്നതും. 'പുതിയ കാലത്തെ പുതിയ നിർമ്മാണം' എന്ന പൊതുമരാമത്തു വകുപ്പിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചെലവിലാണ് കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് കി. മീ 0/000 മുതൽ 14/150 വരെ നവീകരിച്ചത്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് 14.15 കി.മീ റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തി പൂർത്തീകരിച്ചത്. ആവശ്യമായ ഇടങ്ങളിൽ കോൺക്രീറ്റ്, കരിങ്കൽ സംരക്ഷണ ഭിത്തികൾ, കോൺക്രീറ്റ് ഡ്രെയിനേജ്, കലുങ്കുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാർക്കിംഗ്, സ്റ്റഡ്, സൈൻ ബോർഡുകൾ, ഹാൻഡ് റെയിൽ എന്നിവയും നൽകിയിട്ടുണ്ട്.
അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന നടന്ന ചടങ്ങിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.ദാസൻ എംഎൽഎ മുഖ്യാതിഥിയായി. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലൻ നായർ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ എ മുഹമ്മദ്, ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.സിന്ധു, ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments