തൂണേരി ജന സൗഹൃദ വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തൂണേരി വില്ലേജ് ഓഫീസ് ഇ.കെ. വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു.
വില്ലേജ് ഓഫീസിൽഎത്തുന്നവർക്ക് എത്രയും വേഗം അവരുടെ ആവശ്യങ്ങൾ നിർവഹിച്ചുനൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. തൂണേരി വില്ലേജ് ഓഫീസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കലക്ടർ സാംബശിവറാവു നല്ല നിലയിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള നവീകരണമാണ് തൂണേരിവില്ലേജ് ഓഫീസിലുള്ളത്. നാദാപുരം മണ്ഡലത്തിൽ 1,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതുവരെ നടത്തിക്കഴിഞ്ഞു. നിരവധി പ്രതിസന്ധിക്കിടയിലും
ജനപങ്കാളിത്തത്തോടെ സമസ്ത മേഖലയിലെയും വികസന പ്രവർത്തനങ്ങളാണ് സർക്കർ നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ സാംബശിവറാവു സ്വാഗതം പറഞ്ഞു .തൂണേരിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി. തങ്ങൾ അധ്യക്ഷനായി .
തൂണേരി വില്ലേജ് ഓഫീസർ എം.പി. നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .
ഇ.കെ. വിജയൻ എംഎൽഎ യുടെ പ്രത്യേക താൽപര്യപ്രകാരമാണ് കെട്ടിട നവീകരണത്തിന് പതിനഞ്ച് ലക്ഷം രൂപ ലഭിച്ചത്. ഈ തുക ഉപയോഗിച്ച് നിർമ്മിതി കേന്ദ്രമാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള ജനകീയ സമിതി പശ്ചാത്തല സൗകര്യത്തിനുള്ള സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.
ആർഡിഒ വി.പി.അബ്ദുറഹിമാൻ ,വടകര തഹസിൽദാർ മോഹനൻ ടി.കെ ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന പി , തൂണേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ടി.പി.രഞ്ജിത്ത്, പി. കുഞ്ഞമ്മദ് ഹാജി ,ശ്രീജിത്ത് മുടപ്പിലായി, പി.എം.നാണു ,രവി വെള്ളൂർ ,കെ.പി.സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments