ജില്ലാ തല വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാ തല വികസന കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് ജാഗ്രത നിലനിര്‍ത്തിക്കൊണ്ടും സമയബന്ധിതമായും മാര്‍ച്ചിനോടകം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വിവിധ ജില്ലാ തല ഓഫീസര്‍മാര്‍ വകുപ്പില്‍ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 886 വീടുകളാണ് 2020-21 വര്‍ഷത്തില്‍ ജില്ലയില്‍ അനുവദിച്ചത്. വീട് നല്‍കാനുള്ള ആപ്ലിക്കേഷനുകള്‍ സ്വീകരിച്ചു വരികയാണ്. 2019-20 വര്‍ഷത്തില്‍ പദ്ധതി പ്രകാരം 1,201 വീടുകളുടെ നിര്‍മാണമാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചത്. 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം ശുചിത്വ മിഷന് നഗര പാതയ്ക്ക് അരികുകളില്‍ ടോയ്ലറ്റ് നിര്‍മിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കുടുംബശ്രീ മുഖേന 5,153 യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതില്‍ 70 ശതമാനം ആളുകള്‍ക്കാണ് ജോലി ലഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും നിരന്തരമായി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് നടപ്പിലാക്കി വരികയാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയുടെ സമഗ്ര വികസനത്തിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുമാണ് ദിശ യോഗങ്ങള്‍ ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, വി.കെ.സി. മമ്മദ് കോയ, എ.ഡി.എം റോഷ്ണി നാരായണന്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് നിബു.ടി.കുര്യന്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments